
പെട്രോൾ വില കത്തിക്കയറുമ്പോൾ പുതിയ സ്‌കൂട്ടർ വാങ്ങുന്നവർ ആദ്യം ചിന്തിക്കുന്നത് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയാലോ എന്നാവും. എന്നാൽ അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവയിൽ മിക്കവയും ചാർജ്ജ് ചെയ്യുമ്പോഴും മറ്റുമാണ് സംഭവിക്കുന്നത്. എന്നാൽ പൂനെയിൽ ഒല എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടർ തീ പിടിച്ച് കത്തി നശിച്ചത് റോഡരികിൽ പാർക്ക് ചെയ്ത അവസ്ഥയിലായിരുന്നു. വളരെ വേഗത്തിലാണ് വാഹനം കത്തി നശിച്ചത്. കേവലം 31 സെക്കൻഡിൽ സ്‌കൂട്ടർ പൂർണമായും അഗ്നിക്ക് ഇരയാവുകയായിരുന്നു.
A @OlaElectric scooter starts burning out of nowhere in front of our society.
— funtus (@rochakalpha) March 26, 2022
The scooter is totally charred now.
Point to ponder.#safety #Pune
@Stockstudy8 @MarketDynamix22 @LuckyInvest_AK pic.twitter.com/C1xDfPgh6p
പുറത്തിറക്കി മാസങ്ങൾക്കകം തങ്ങളുടെ സ്‌കൂട്ടർ കത്തി നശിച്ച സംഭവത്തെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നത്. സംഭവത്തിൽ ഒല കമ്പനി അന്വേഷണം ആരംഭിച്ചു. 'ഒലയിൽ വാഹന സുരക്ഷയ്ക്ക് പരമപ്രധാനമായ പ്രാധാന്യമുണ്ട്, ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഉയർന്ന നിലവാരം പുലർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ ഈ സംഭവം ഗൗരവമായി കാണുന്നു, ഉചിതമായ നടപടിയെടുക്കുകയും വരും ദിവസങ്ങളിൽ കൂടുതൽ പങ്കിടുകയും ചെയ്യും,' ഈ സംഭവത്തെ കുറിച്ച് ഒല പ്രസ്താവനയിൽ പറഞ്ഞു. സ്‌കൂട്ടർ കത്തി നശിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതുതായി പുറത്തിറക്കിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഗുണനിലവാരത്തെക്കുറിച്ചും ഇതോടെ ചർച്ച ആരംഭിച്ചിരിക്കുകയാണ്.
As summer arrives, it’s a real test for survival of #EV in India. #EVonFire #BatteryMalfunction pic.twitter.com/Xxv9qS4KSu
— Saharsh Damani, MBA, CFA, MS (Finance) (@saharshd) March 26, 2022
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ വെല്ലൂരിൽ പുതിയതായി വാങ്ങിയ ഇ ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചിരുന്നു. എന്നാൽ ഏത് കമ്പനിയുടെ സ്‌കൂട്ടറാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമല്ല.
പുതിയ ബൈക്ക് രാത്രി ചാർജ് ചെയ്യാനിട്ട ശേഷം ഉറങ്ങുകയായിരുന്ന വെല്ലൂർ സ്വദേശി ദുരൈവർമ്മ(49) മകളായ മോഹനപ്രീതി(13) എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറിയെ തുടർന്നുളള പുക ശ്വസിച്ചാണ് ഇരുവരും തൽക്ഷണം മരിച്ചത്.
ബൈക്ക് പൊട്ടിത്തെറിച്ച് അടുത്തുളള മറ്റൊരു ബൈക്കിലും തീപിടിച്ചു. പിന്നീട് വീട്ടിലേക്കും തീ പടർന്നതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. തീ ആളിപ്പടർന്നതിനാൽ ഇവർക്ക് ഇരുവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണവിധേയമാക്കി വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ചതായി കണ്ടെത്തിയത്. ഒൻപത് വർഷം മുൻപ് ദുരൈവർമ്മയുടെ ഭാര്യ മരിച്ചിരുന്നു. രണ്ട് മക്കളോടൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്. മകൻ ആഹാരത്തിന് ശേഷം ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.