record

കൊച്ചുകുട്ടികളിൽ പലവിധ കഴിവുകളുള‌ളവരുണ്ട്. എന്നാൽ ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഒൻപത് വയസുകാരൻ ദ്വിജ് ഗാന്ധിയ്‌ക്ക് അധികമാർക്കും സാധിക്കാത്ത ഒരു കാര്യത്തിന് റെക്കാഡ് നേടാനായി. വെറും 64 മിനുട്ടുകൾ കൊണ്ട് ഭഗവദ്‌ഗീതയിലെ 700 ശ്ളോകങ്ങളാണ് ദ്വിജ് ചൊല്ലിയത്. കൊവിഡ് കാലത്ത് സ്‌കൂളിലെങ്ങും പോകാനാകാതെയിരുന്ന സമയത്ത് ദ്വിജിന്റെ ശ്രദ്ധ ഭഗവദ്‌ഗീതയിലെത്തി. 2020ലെ ലോക്‌ഡൗൺ സമയത്തായിരുന്നു അത്.

കൊച്ച് ദ്വിജിന്റെ താൽപര്യം കണ്ട വീട്ടുകാർ അവന് നല്ല പിന്തുണ നൽകി. പെട്ടെന്ന് പഠിച്ചെടുക്കുന്ന ശീലമുള‌ള ദ്വിജിന് ഗീതയിലെ ശ്ളോകങ്ങളും എളുപ്പം വഴങ്ങി. തുടർന്ന് ദ്വിജിന് ഗിന്നസ് റെക്കാഡിലും ഇടംപിടിക്കാനായി. മുൻപ് ഒഡീഷ സ്വദേശിനിയായ ആറ് വയസുകാരി 108 ശ്ളോകങ്ങൾ ചൊല്ലി ഇന്ത്യാ ബുക്ക് ഓഫ് റെക്കാഡിൽ ഇടം പിടിച്ചിരുന്നു. 24 മിനുട്ടും 50 സെക്കന്റുകളും എടുത്താണ് ആറ് വയസുകാരി റെക്കാഡ് നേടിയത്. വീട്ടിൽ നടത്തിയിരുന്ന പൂജകൾ കേട്ടാണ് ആറ് ‌വയസുകാരി സായി ശ്രേയാംസി മന്ത്രങ്ങളെല്ലാം പഠിച്ചത്. ഒന്നാംക്ളാസിൽ പഠിക്കുന്ന ഈ കൊച്ചുമിടുക്കിക്കും ദ്വിജിനെ പോലെ മന്ത്രങ്ങൾ പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിഞ്ഞു.