strike-

തിരുവനന്തപുരം : തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യ വ്യാപകമായിട്ടുള്ള രണ്ട് ദിവസത്തെ പൊതു പണിമുടക്ക് നാളെ ആരംഭിക്കും. ബി.എം.എസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് അർദ്ധരാത്രി ആരംഭിച്ച് 29ന് വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. സർവീസ് സംഘടനകളുൾപ്പെടെ പിന്തുണയ്ക്കുന്നതിനാൽ കേരളത്തിൽ പണിമുടക്കിന് ഹർത്താലിന്റെ ഭാവം കൈവരുമെന്ന് ഉറപ്പാണ്.

പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പ്രധാനമായും ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമേ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അസംഘടിത തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, കർഷകരുടെ ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക,


അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കൊവിഡിന്റെ ഭാഗമായുളള വരുമാന നഷ്ടപരിഹാരമായി ആദായനികുതിയില്ലാത്തവർക്കായി പ്രതിമാസം 7500 രൂപ നൽകുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉയർത്തുന്നുണ്ട്.

സ്വകാര്യവാഹനങ്ങൾ ഓടുമോ ?

പത്രം, പാൽ, എയർപോർട്ട്, ഫയർ ആൻഡ് റെസ്‌ക്യൂ തുടങ്ങി അവശ്യ സർവീസുകൾ പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾ തടയില്ല. എന്നാൽ ജീവനക്കാർ പണിമുടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും ഉണ്ടാവില്ല.