
കോട്ടയം: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ആണ്ടൂർ എ സഹദേവൻ അന്തരിച്ചു. 72 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.55ഓടെയായിരുന്നു അന്ത്യം. നിലവിൽ മനോരമ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ (മാസ്‌കോം) പ്രൊഫസറായിരുന്ന അദ്ദേഹം മാദ്ധ്യമപ്രവർത്തനം ആരംഭിച്ചത് 1982ൽ മാതൃഭൂമിയിലൂടെയാണ്. 2003ൽ ഇന്ത്യാവിഷൻ പ്രോഗ്രാം കൺസൾട്ടന്റായി. '24 ഫ്രെയിംസ്' എന്ന ചലച്ചിത്രാധിഷ്‌ഠിത പരിപാടിയിലൂടെ ശ്രദ്ധേയനമായി.
1951ൽ പാലക്കാട് പുതുശേരിയിൽ മാത്തൂർ താഴത്ത് കളത്തിൽ കെ.സി നായരുടെയും പൊൽപ്പുളളി ആത്തൂർ പത്മാവതി അമ്മയുടെയും മകനായാണ് ജനനം. പാലക്കാട് വിക്‌ടോറിയ കോളേജിൽ നിന്നും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1996ൽ പാമ്പൻ മാധവൻ പുരസ്‌കാരവും 2010ൽ സംസ്ഥാന ടെലിവിഷൻ അവാർഡും ടെലിവിഷൻ ചേംബറിന്റെ അവാർഡും നേടി. കോഴിക്കോട് ചെങ്കളത്ത് പുഷ്‌പയാണ് ഭാര്യ. ചാരുലേഖ മകളാണ്.