lanka

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പുകുത്തുന്ന ശ്രീലങ്കയിൽ കാര്യങ്ങൾ കൂടുതൽ പ്രശ്‌നത്തിലേക്ക്. പ്രവർത്തനത്തിന് പണമില്ലാത്തതിനാൽ വിവിധ രാജ്യങ്ങളിലെ എംബസികൾ ശ്രീലങ്ക അടച്ചുപൂട്ടി. ഇറാഖ്, ഓസ്‌ട്രേലിയ, നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ എംബസികളാണ് അടച്ചത്. ഇന്ധനവില കുതിച്ചുയർന്നതോടെ മണിക്കൂറുകളോളം ക്യൂ നിന്നാലേ ഇന്ധനം ലഭിക്കൂ എന്ന അവസ്ഥ രാജ്യത്തുണ്ട്. പെട്രോൾ പമ്പിൽ കൃത്യമായ വിതരണത്തിന് കാവലായി ശ്രീലങ്കൻ പട്ടാളത്തെ സർക്കാർ നിയമിച്ചു.

ഇന്ധനവില ഒറ്റയടിക്ക് 20 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ 254 രൂപ എന്നത് 303 രൂപയായി മാറി. രാജ്യത്ത് അച്ചടി മഷി ക്ഷാമമുള‌ളതിനാൽ പരീക്ഷകൾ മാറ്റി. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ രണ്ടായിരം ടൺ അരി ശ്രീലങ്കയ്‌ക്ക് നൽകാൻ ചൈന തീരുമാനിച്ചു. ഇന്ധനക്ഷാമം പരിഹരിക്കാനുള‌ള ഇടപെടൽ നടത്തിയ ഇന്ത്യ 40,000 ടൺ ഡീസൽ ലങ്കയ്‌ക്ക് നൽകും. വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ നാളെ ലങ്കയിലെത്തും.

കടലാസ് ക്ഷാമം വന്നതോടെ ദി ഐലൻഡ് ഉൾപ്പടെ നിരവധി പത്രങ്ങൾ അച്ചടി നിർത്തി. ഓൺലൈൻ എഡിഷനിലേക്കാണ് ഇവ മാറിയത്. രാജ്യം കലാപത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. 2019 ഏപ്രിലിൽ ഈസ്‌റ്റർ ദിനത്തിലുണ്ടായ ബോംബാക്രമണമാണ് രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചത്. ടൂറിസം മുഖ്യവരുമാനമായ ദ്വീപ് രാജ്യത്ത് ടൂറിസം തകർന്നു. പിന്നാലെ കൊവിഡ് കൂടി എത്തിയതോടെ ആരോഗ്യരംഗത്തും തിരിച്ചടി നേരിട്ട രാജ്യം വളരെയധികം സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തി. ഇതിനിടെ റഷ്യ-യുക്രെയിൻ യുദ്ധം തുടങ്ങിയതോടെ എണ്ണവില വർദ്ധനയും രാജ്യത്തെ പ്രതിസന്ധിയിലാക്കി.