india

ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. അത്യന്തം ആവേശഭരിതമായ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റാണ് ഇന്ത്യ പുറത്തായത്. അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തിലാണ് ഇന്ത്യയുടെ പരാജയം.

തോൽവിയോടെ ഗ്രൂപ്പിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ലോകകപ്പിലെ ഫെെനലിസ്റ്റുകളാണ് ഇന്ത്യ. അടുത്ത റൗണ്ടിലേയ്ക്ക് കടക്കാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ അവസാന ഓവറിലെ നോബോളാണ് മത്സരഗതി മാറ്റിയത്.

275 റൺസ് വിജയ ലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വച്ചത്. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 274 റൺസ് നേടിയ‌ത്. ഷഫാലി വർമ്മയും സ്മൃതി മന്ദാനയും മിതാലി രാജും ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ച്വറികൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 139/1 എന്ന ശക്തമായ നിലയിലായിരുന്നു. പിന്നീട് ഇന്ത്യ മത്സരം വരുതിയിലാക്കിയെങ്കിലും ഫീൽഡിംഗിലെ പിഴവുകൾ ഇന്ത്യക്ക് പലപ്പോഴും തിരിച്ചടിയായി.

സംഭവ ബഹുലമായിരുന്നു മത്സരത്തിലെ അവസാന ഓവ‌ർ. ദീപ്തി ശർമ്മ എറിഞ്ഞ അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഒരു റണ്‍ പിറന്നപ്പോള്‍ രണ്ടാം പന്തില്‍ ത്രിഷ റണ്ണൗട്ടായി. മൂന്ന്, നാല് പന്തുകളില്‍ ഓരോ റണ്‍ വീതം ദക്ഷിണാഫ്രിക്ക നേടി.

നിർണായകമായ അഞ്ചാം പന്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ പ്രീസി പുറത്തായതായിരുന്നു. അപ്പോൾ ദക്ഷിണാഫ്രിക്കക്ക് വേണ്ടത് ഒരു ബോളിൽ 3 റൺസ് ആയിരുന്നു. എന്നാൽ ഉടനെ നോബോൾ വിളി വന്നു. തുടർന്ന് രണ്ട് പന്തിൽ രണ്ട് റണ്ണായി വിജയലക്ഷ്യം മാറി. അവസാന രണ്ട് പന്തിൽ രണ്ട് സിംഗിൾ നേടി ദക്ഷിണാഫ്രിക്ക വിജയം കരസ്ഥമാക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ ലക്ഷ്യം മറികടന്നത്.