
ശത്രുക്കളുടെ ശല്യം അവസാനിപ്പിക്കാൻ ക്ഷേത്രത്തിൽ പോയി ക്വട്ടേഷൻ നൽകുന്നതാണ് ശത്രുസംഹാര പൂജയെന്ന് ഒരു ഫേസ്‌ബുക്ക് തമാശയുണ്ട്. ശരിക്കും അങ്ങനെ ഓരോ കാര്യസാദ്ധ്യത്തിനും വഴിപാടുകളുണ്ടോ? ഈ വഴിപാടുകൾ കഴിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ക്ഷേമം ആണെന്ന് അറിയുകയാണ് ആദ്യം വേണ്ടത്. ശിവക്ഷേത്രത്തിൽ ധാരയും ഗണപതിയ്‌ക്ക് കറുകമാലയും അയ്യപ്പന് നീരാജനവും ദേവിക്ക് പൊങ്കാലയുമെല്ലാം നമ്മുടെ ആത്മനിവേദ്യങ്ങളാണ് യഥാർത്ഥത്തിൽ. ഓരോ വഴിപാടും അവയുടെ ഗുണങ്ങളും ഇവയൊക്കെയാണ്.
വിഘ്‌നങ്ങൾ അകറ്റാനാണ് ഗണപതി ഹോമം നാം നടത്തുന്നത്. കറുകഹോമം പക്ഷേ രോഗശമനത്തിനും ബാലാരിഷ്‌ടത മാറ്റാനുമാണ്. ഗണപതിയ്‌ക്ക് മുഴുക്കാപ്പ് ചാർത്തിയാൽ കാര്യതടസങ്ങളെല്ലാം നീങ്ങും. എന്നാൽ ശിവന് മുഴുക്കാപ്പ് ചാർത്തുന്നത് രോഗശാന്തിയ്‌ക്കും ദീർഘായുസിനുമാണ്. കൂവളമാല ശിവാനുഗ്രഹത്തിനും, നല്ല ശക്തമായ മനസിനും മുജ്ജന്മ പാപ പരിഹാരത്തിനുമാണ്. ശിവപുത്രനായ സുബ്രഹ്മണ്യ സ്വാമിയ്‌ക്ക് കാവടിയാടുന്നത് നമ്മുടെ നാട്ടിലെ പ്രധാന വഴിപാടാണ്. ഇത് ഐശ്വര്യലബ്‌ധിയ്‌ക്കാണ്.

മംഗല്യ തടസം അകലാനായി നടത്തുന്നത് ഉമാമഹേശ്വര പൂജയാണ്. വിവാഹതടസം മാറാൻ ദേവിക്ക് നാരങ്ങാ വിളക്കും വഴിപാടായി നേരാറുണ്ട്. രാഹുദോഷ നിവാരണത്തിനും നാരങ്ങാ വിളക്ക് വഴിപാട് നടത്താറുണ്ട്. ഒരു ക്ഷേത്രത്തിൽ പ്രതിദിനമുളള വഴിപാടുകളിൽ ചിലതാണ് വിളക്ക് വഴിപാട്, ചുറ്റുവിളക്ക് വഴിപാട്, നെയ്‌വിളക്ക്, പിൻവിളക്ക്, കെടാവിളക്ക് എന്നിവ, ഇതിൽ സങ്കടനിവാരണത്തിനാണ് വിളക്ക് വഴിപാട്, നെയ്‌വിളക്ക് കണ്ണിന് ബാധിക്കുന്ന രോഗങ്ങളുടെ ശമനത്തിനാണ്, അതേസമയം പിൻവിളക്ക് ദമ്പതികൾ തമ്മിലെ ഐക്യത്തിനും വിവാഹത്തിന് സാധിക്കാത്തവർക്കും നല്ലതാണ്. അതേസമയം ക്ഷേത്രത്തിൽ ചുറ്റുവിളക്ക് നേരുന്നത് മനശാന്തിയ്‌ക്കും പാപമോചനത്തിനുമാണ്. ആൽവിളക്ക് ഉദ്ദിഷ്‌ടകാര്യങ്ങൾ സാധിക്കാനാണ്.
ഭഗവതി സേവയാണ് നാം കേട്ടിട്ടുളള മറ്റൊരു പ്രധാന വഴിപാട്. ആപത്തിൽ നിന്നും ദു:ഖത്തിൽ നിന്നും മോചനം നേടാനാണിത്. സർപ്പങ്ങൾക്കുളള നിരവധി വഴിപാടുകളുണ്ട്. സന്താനലാഭത്തിനും, രോഗശാന്തിയ്‌ക്കും ദീർഘായുസിനുമാണ് നൂറും പാലും വഴിപാട് കഴിക്കുന്നത്. സർപ പ്രീതി നേടാനും സർപ്പദോഷമകറ്റാനും വഴിപാടാണ് ആയില്യപൂജ.
നിരവധി പായസവഴിപാടുകളുണ്ട്. ഇവയെല്ലാം ധനധാന്യ വർദ്ധനയ്‌ക്കാണ്. കണ്ണന് കദളിപഴവും വെണ്ണ നിവേദ്യവും പതിവുണ്ട്. കദളിപഴം ജ്‌ഞാനലബ്ധിയ്‌ക്കും വെണ്ണ നിവേദ്യം വിദ്യയ്‌ക്കും ബുദ്ധിയ്‌ക്കുമാണ്. ശത്രുശല്യ നിവാരണത്തിനും ഐശ്വര്യത്തിനുമാണ് ക്ഷേത്രത്തിൽ ഉദയാസ്‌തമന പൂജ കഴിക്കുന്നത്. അതേസമയം ശത്രുസംഹാര പൂജ നമ്മുടെ ഉളളിലെ കാമ, ക്രോധ, മോഹ, ലോഭ, മദ, മാത്സര്യങ്ങളെ നിയന്ത്രിക്കാനാണ്. ലക്ഷ്‌മീ നാരായണ പൂജയും ശത്രുസംഹാരത്തിനാണ്. എന്നാൽ എല്ലാ ഐശ്വര്യങ്ങൾക്കുമായാണ് നിത്യപൂജകൾ കഴിക്കുന്നത്.