
ക്രൈസ്റ്റ്ചർച്ച് : നിർണായകമായ ലീഗ് മത്സരത്തിന്റെ അവസാനപന്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ് ഇന്ത്യൻ വനിതകൾ ഏകദിന ലോകകപ്പിന്റെ സെമിഫൈനൽ കാണാതെ പുറത്തായി. അവസാന ഓവറിൽ എതിരാളിയുടെ വിക്കറ്റ് വീഴ്ത്തിയെങ്കിലും അത് നോബാളായി മാറിയതോടെയാണ് ഇന്ത്യയുടെ പിടിവിട്ടുപോയത്.
ജയിച്ചാൽ സെമി ഉറപ്പായിരുന്ന ഇന്ത്യയെ, മൂന്നു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് നേടിയപ്പോൾ ഏഴുവിക്കറ്റുകൾ ബാക്കിനിറുത്തി ദക്ഷിണാഫ്രിക്ക അവസാനപന്തിലെ സിംഗിളിലൂടെ വിജയം കണ്ടു. ഈ മത്സരത്തിനിറങ്ങും മുന്നേ സെമിയിലെത്തിയിരുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. ലീഗ് റൗണ്ടിലെ ഏഴ് മത്സരങ്ങളിൽ മൂന്നെണ്ണം മാത്രം ജയിച്ചാണ് ഇന്ത്യ പുറത്തായത്.
അർദ്ധസെഞ്ച്വറികൾ നേടിയ സ്മൃതി മന്ഥാന (71),ക്യാപ്ടൻ മിഥാലി രാജ് (68),ഷെഫാലി വെർമ (53),48 റൺസടിച്ച ഹർമൻ പ്രീത് കൗർ എന്നിവരുടെ മികവിലാണ് ഇന്ത്യ 274 റൺസടിച്ചത്. ലോറ വോൾവാറ്റ്(80),മിഗ്നോൺ ഡുപ്രീസ് (52നോട്ടൗട്ട്),ലാറ ഗോഡൽ(49),മരിസാനേ കാപ്പ് (32) എന്നിവരുടെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ ജയിപ്പിച്ചത്ഞ്ഞ
അവസാന ഓവറിൽ സംഭവിച്ചത്
അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് ഏഴു റൺസ്. നേരത്തെ ഒമ്പത് ഓവർ എറിഞ്ഞ് 34 റൺസ് മാത്രം വഴങ്ങിയിരുന്ന ദീപ്തി ശർമ്മയെയാണ് ക്യാപ്ടൻ മിഥാലി രാജ് പന്തേൽപ്പിച്ചത്. ക്രീസിലുണ്ടായിരുന്നത് മികച്ച ഫോമിൽ ബാറ്റു ചെയ്യുന്ന മിഗ്നോൺ ഡു പ്രീസിയും വാലറ്റക്കാരി ട്രിഷയും.
ആദ്യ പന്തിൽ ട്രിഷ സിംഗിളെടുത്തു. രണ്ടാം പന്തിൽ ഡബിളിനായുള്ള ശ്രമത്തിൽ ട്രിഷ റണ്ണൗട്ടായി. മൂന്നാം പന്തിൽ ഡു പ്രീസും നാലാം പന്തിൽ ശബ്നിം ഇസ്മായിലും സിംഗിളെടുത്തു. അവസാന രണ്ടു പന്തില്‍ മൂന്നു റൺസ് എന്നായി വിജയലക്ഷ്യം.
അഞ്ചാം പന്തിൽ ബൗണ്ടറിയടിക്കാനുള്ള ഡു പ്രീസിന്റെ ശ്രമം പാളി. പന്ത് നേരെ ഹർമന്‍പ്രീതിന്റെ കൈയിൽ. ഇതോടെ ഇന്ത്യൻ ക്യാമ്പിൽ ആഹ്ലാദം അണപൊട്ടി. പക്ഷേ ഇന്ത്യയുടെ ഹൃദയം തകർത്ത് അമ്പയർ ഓവർ സ്റ്റെപ്പിംഗിന് നോബാൾ വിളിച്ചു.ഇതോടെ ഒരു പന്തിൽ മൂന്നു റൺസെന്ന വിജയലക്ഷ്യം രണ്ടു പന്തിൽ രണ്ടു റൺസായി ചുരുങ്ങി. ഒപ്പം ഡു പ്രീസിന് ജീവൻ തിരിച്ചുകിട്ടി. തുടർന്നുള്ള രണ്ട് പന്തുകളിലും സിംഗിൾ നേടി ദക്ഷിണാഫ്രിക്ക വിജയാരവം ഉയർത്തി. സെമി ലൈനപ്പ് ആസ്ട്രേലിയ Vs വിൻഡീസ് ദക്ഷിണാഫ്രിക്ക Vs ഇംഗ്ളണ്ട്.