
വാഷിംഗ്ടൺ: നമ്മുടെ ശബ്ദം നമ്മൾ കേൾക്കുന്നത് പോലെയല്ല മറ്റുള്ളവർ കേൾക്കുന്നത്. നമ്മുടെ സ്വന്തം ശബ്ദവും അതേ ശബ്ദം തന്നെ ഫോണിലോ മറ്റോ റെക്കോഡ് ചെയ്തു കേൾക്കുന്നതും തമ്മിൽ വളരെ അന്തരമുണ്ട്. നമ്മുടെ ശബ്ദം നാം കേൾക്കുന്നത് ചെവിയിലൂടെ മാത്രമല്ല, മുഖത്ത എല്ലുകളിലൂടെയുമാണ്. ഇത് ചെവിയിലൂടെയും മുഖത്തെ എല്ലുകളിലൂടെയും കർണപടത്തിലെത്തുമ്പോൾ ശബ്ദത്തിന് ചില മാറ്റങ്ങൾ വരും. ഇതാണ് ഈ വ്യത്യാസത്തിന് കാരണം.
ഇത്തരത്തിൽ ഒരു ശബ്ദവ്യത്യാസത്തിന്റെ കണ്ടുപിടുത്തവുമായാണ് നാസയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഭൂമിയിൽ നാം കേൾക്കുന്ന രീതിയിലായിരിക്കില്ല അതേ ശബ്ദം ചൊവ്വയിൽ കേൾക്കുന്നത്. ഭൂമിയിലെയും ചൊവ്വയിലെയും ശബ്ദത്തിന്റെ വേഗതയിൽ വ്യത്യാസമുള്ളതാണ് ഇതിന് കാരണം. ചൊവ്വയിലെ ഉപരിതലത്തിലെ ശബ്ദത്തിന്റെ വേഗത ശാസ്ത്രജ്ഞർ അടുത്തിടെ സ്ഥിതീകരിച്ചു. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ നാസ അയച്ച പെഴ്സിവെറൻസിലെ ഉപകരണങ്ങളുപയോഗിച്ചാണ് ശബ്ദം സംബന്ധിച്ച വിവരങ്ങളും ശാസ്ത്രജ്ഞർ ശേഖരിച്ചത്. ഉയർന്ന ശബ്ദങ്ങൾ ഭൂമിയേക്കാൾ വേഗത്തിൽ ചൊവ്വയിൽ സഞ്ചരിക്കുന്നതായി അവർ കണ്ടെത്തി.
ചൊവ്വയുടെ അന്തരീക്ഷത്തിൽ മനുഷ്യർക്ക് തുറന്ന് സംസാരിക്കാൻ സാധിക്കില്ല. അതിനാൽ ഭാവിയിൽ ചൊവ്വയിലെ താമസക്കാർക്ക് നിയന്ത്രിത ആവാസവ്യവസ്ഥയക്ക് പുറത്ത് സംസാരിക്കാൻ കഴിയില്ല. ചൊവ്വയിൽ നിങ്ങളുടെ ശബ്ദം എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാൻ നാസയ്ക്ക് ഒരു ഓൺലൈൻ ടൂൾ ഉണ്ട്. ചൊവ്വയിൽ വച്ച് സംസാരിക്കുന്നതും പാട്ട് കേൾക്കുന്നതും അതുല്യമായ ശ്രവണ അനുഭവം നൽകുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ചൊവ്വയിൽ താഴ്ന്ന ശബ്ദങ്ങളേക്കാൾ ഉയർന്ന ശബ്ദങ്ങളായിരിക്കും ആദ്യം ചെവിയിലെത്തുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
ശബ്ദത്തിന്റെ വേഗത എല്ലായിടത്തും ഒരു പോലെയല്ല. താപനിലയും സാന്ദ്രതയും പോലുള്ള ഘടകങ്ങൾ മാറുന്നതനുസരിച്ച് ശബ്ദത്തിന്റെ വേഗതയും മാറും. ഭൂമിയിൽ കേൾക്കുന്ന അതേ ശബ്ദങ്ങൾ ഒരു പതിഞ്ഞ രീതിയാലിയിരിക്കും ചൊവ്വയിൽ നിങ്ങൾക്കു കേൾക്കാനാവുക. അത് കേൾക്കാൻ കുറച്ച് അധികം സമയം കാത്തിരിക്കുകയും വേണമെന്നുമാണ് നാസ പറയുന്നത്. ചൊവ്വയിലെ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. ഉയർന്ന പിച്ചിലുള്ള ശബ്ദങ്ങളിലായിരിക്കും ഏറ്റവും വലിയ മാറ്റങ്ങൾ പ്രകടമാവുന്നത്. ഭൂമിയിൽ നമുക്ക് പരിചിതമായ വിസിലുകളുടെ ശബ്ദം, പക്ഷികളുടെ ശബ്ദം, മണി കിലുങ്ങുന്ന ശബ്ദം തുടങ്ങിയവയൊന്നും തന്നെ ചൊവ്വയിൽ നമുക്ക് കേൾക്കാൻ പോലുമാവില്ലെന്നാണ് നാസ പറയുന്നത്.
53-ാമത് ലൂണാർ ആൻഡ് പ്ലാനറ്ററി സയൻസ് കോൺഫറൻസിൽ വച്ചാണ് നാസയുടെ പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തിയത്. ചൊവ്വയിലെ ശബ്ദവേഗം കൃത്യമായി കണ്ടുപിടിക്കാൻ പെഴ്‌സെവറൻസ് റോവറിലെ മൈക്രോഫോണും ലേസറുകളുമാണ് ഉപയോഗിച്ചത്. ലേസർ ഫയറിംഗും സൂപ്പർകോം മൈക്രോഫോണിൽ എത്തുന്ന ശബ്ദവും തമ്മിലുള്ള സമയം ഗവേഷകർ പഠനത്തിന് വിധേയമാക്കി. ചൊവ്വയിലെ ശബ്ദത്തിന്റെ വേഗത സെക്കൻഡിൽ 240 മീറ്ററാണ്. അതേ സമയം ഭൂമിയിലാണെങ്കിൽ സെക്കൻഡിൽ 340 മീറ്ററാണ്.