bus

കൊച്ചി: നഷ്‌ടത്തിൽ നിന്നും നഷ്‌ടത്തിലേക്ക് കൂപ്പ് കുത്തുകയാണ് കെഎസ്‌ആർ‌ടിസി. ഇത് മറികടക്കാൻ മത്സ്യ വിൽപനയ്‌ക്കും മിൽമ സ്‌റ്റാളിനായും ടൂറിസ്‌റ്റുകൾക്ക് ചുരുങ്ങിയ ചിലവിൽ താമസിക്കാനുമൊക്കെ വാഹനം തയ്യാറാക്കി നൽകി കോർപറേഷൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പൊതുവെ കൈ കാണിച്ചാൽ നിർ‌ത്തില്ലെന്ന് നാട്ടുകാർ കുറ്റം പറയുന്ന ആനവണ്ടി നന്നാകാൻ ഒറ്റയ്‌ക്ക് ശ്രമിക്കുകയാണ് ഒരു ജീവനക്കാരൻ. എറണാകുളത്ത് നിന്നും മധുരയ്‌ക്ക് സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ കം കണ്ടക്‌ടറായ അനീഷ് തോപ്പിലാണ് താൻ ജോലിനോക്കുന്ന സർ‌വീസിനെ കുറിച്ച് ജനങ്ങളറിയാൻ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്‌തത്.

തമിഴിലും ഇംഗ്ളീഷിലും വരെ അനീഷ് നോട്ടീസ് അച്ചടിച്ചിട്ടുണ്ട്. കൊവിഡ് കാലത്തിന് മുൻപ് അത്യാവശ്യം നല്ല കളക്ഷൻ ഉണ്ടായിരുന്ന സർവീസാണിത്. 38,000 മുതൽ 42,000 വരെയായിരുന്നു കളക്ഷൻ. എന്നാൽ കൊവിഡ് കാലത്തിന് ശേഷം പുനരാരംഭിച്ചപ്പോൾ സ്ഥിരം യാത്രക്കാരിൽ പലരും ബസിനെ കൈവെടിഞ്ഞു. 25,000 മുതൽ 35,000 വരെ മാത്രമായി കളക്ഷൻ. ഇത് ഉയർത്താനുള‌ള അനീഷ് തോപ്പിലിന്റെ ശ്രമം സോഷ്യൽ മീഡിയയിലെ കെഎസ്‌ആർടിസിയുടെ ഔദ്യോഗിക പേജിൽ പോസ്‌റ്റായി മാറി.

കെഎസ്‌ആർടിസിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

എറണാകുളം മധുര ബസ് സർവീസിലെ യാത്രക്കാരുടെ എണ്ണം കൂട്ടാൻ നോട്ടിസ് അടിച്ചും യാത്രക്കാരെ ചെന്നു കണ്ടും കെ.എസ്.ആർ.ടി.സി ജീവനക്കാരനായ അനീഷ് തോപ്പിൽ

കലക്ഷൻ കൂട്ടാൻ സ്വന്തം ചെലവിൽ നോട്ടിസ് തയാറാക്കി വിതരണം ചെയ്ത് കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ അനീഷ് തോപ്പിൽ. ബസിന്റെ സമയവും നിരക്കും കൺട്രോൾ റൂം നമ്പരുമെല്ലാം വച്ചു തമിഴിലും ഇം ഗ്ലീഷിലുമായാണ് നോട്ടിസ് അച്ചടിച്ചു വാത്തുരുത്തി തമിഴ് കോളനി യിൽ വിതരണം ചെയ്തത്.

എറണാകുളം മധുര സർവിസിലെ ജീവനക്കാരനാണ് അനിഷ്. കോവിഡിനു മുൻപു 38,000 മുതൽ 42,000 രൂപ വരെ ഈ ബസിൽ കലക്ഷനുണ്ടായിരുന്നു.

കോവിഡ് മൂലം സർവീസ് നിർ ത്തിയ ശേഷം പിന്നീടു പുനരാരം ഭിച്ചപ്പോൾ വരുമാനം കുറഞ്ഞു 25,000 മുതൽ 35,000 രൂപ വരെയായി. സ്ഥിരം യാത്രക്കാർ പലരും ബസ് ഉപേക്ഷിച്ചു മറ്റു യാത്രാ മാർഗങ്ങളിലേക്കു മാറി

തമിഴ് തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന വാത്തുരുത്തി, തേവര, കടവന്ത ഭാഗങ്ങളിൽ പോയി ബസ് സർവീസ് വീണ്ടും തുടങ്ങിയെന്ന് അറിയിക്കാനാണ് അനീഷ് നോട്ടിസ് വിതരണം ചെയ്യുന്നത്.

തൊഴിലാളികൾ ജോലിക്കു പോകുന്നതിനു മുൻപു രാവിലെ 6 മണിയോടെ അനീഷ് ഇവരെ കാണാൻ പോകും. ഇടക്കൊച്ചി സ്വദേശിയാണു അനീഷ് കുമ്പളങ്ങിക്കാരൻ ഡെന്നീസ് സേവ്യറാണ് ബസിലെ ഡ്രൈവർ.

ആത്മാർത്ഥതയും അർപ്പണ മനോഭാവവും കൈമുതലാക്കിയ പ്രിയ സഹപ്രവർത്തകന് ടീം കെ.എസ്.ആർ.ടി.സിയുടെ അഭിനന്ദനങ്ങൾ...