
ഭംഗി കൊണ്ട് ആരാധകരേറെയുള്ള പുഷ്പമാണ് താമര. എന്നാൽ താമര വിത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാവുന്നവർ വളരെ ചുരുക്കമാണ്. താമര വിത്തുകളിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ ശരീരത്തിനാവശ്യമായ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ താമര വിത്തുകൾ ദഹനസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നല്കുന്നു. ഇതിൽ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകൾ കുറയ്ക്കുന്നു. ഇത് കൂടാതെ താമരയുട വിത്തുകൾ ശരീരത്തിലെ ഇൻസുലിൻ അളവിനെ നിരീക്ഷിക്കുകയും രക്തപ്രവാഹത്തിൽ ഗ്ലൂക്കോസിന്റെ അളവ് സാധാരണ പരിധിക്കുള്ളിൽ നിലനിർത്തുകയും ചെയ്യുന്നു.
പ്രായമാകുന്ന ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളുടെ അളവ് ഒരു പരിധി വരെ കുറയ്ക്കാനും ഇവ സഹായിക്കുന്നു. കൂടാതെ ശരിയായ രീതിയിലുള്ള ഉറക്കം, ശരീരഭാരം കുറയ്ക്കുക, എന്നിവയ്ക്കും ഈ കുഞ്ഞൻ വിത്ത് ഉത്തമമാണ്.അതിനാൽ താമര വിത്തുകൾ ഉണക്കിയോ വറുത്തോ ഒരു ലഘുഭക്ഷണമായി നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നല്കും.