
സാന്റിയാഗോ: സഹോദരിയുടെ വിവാഹത്തിന് സഹോദരന്മാർ ചില സർപ്രൈസുകൾ നൽകുന്നത് പതിവാണ്. എന്നാൽ ചിലിയിലെ അല്‍വാറോ റോഡ്രഗിസ് എന്ന 29കാരൻ തന്റെ സഹോദരിക്ക് നൽകിയ സർപ്രൈസ് ചെറുതായി കൈവിട്ടുപോയി. സഹോദരിയുടെ വിവാഹത്തിന് വേണ്ടി ബേക്കർ അൽവാരോ ഏഴ് തട്ടുകളുള്ള പടുകൂറ്റൻ കേക്ക് ആണ് ഒരുക്കിയത്. ഏകദേശം 20 മണിക്കൂറോളം ചെലവിട്ടാണ് അൽവാരോ ഈ കേക്ക് ഉണ്ടാക്കിയത്. എന്നാൽ ഈ കേക്കിന്റെ നടുവിലത്തെ നിലയിൽ സഹോദരിയുടെ തന്നെ നിർദ്ദേശപ്രകാരം അൽവാരോ ചെറിയൊരു കുസൃതി ഒപ്പിച്ചുവച്ചു. ഏഴു നിലകളുള്ല ഈ കേക്കിന്റെ നടുവിലത്തെ തട്ടിലെ കേക്ക് മാത്രം കഞ്ചാവ് കൊണ്ടായിരുന്നു ഉണ്ടാക്കിയത്.
കേക്ക് കഴിച്ച അതിഥികളുടെ കാര്യം പിന്നീട് പറയണോ? എല്ലാവരും കൂടി ആ വിവാഹം അങ്ങ് കൊഴുപ്പിച്ചു. അൽവാരോ തന്നെയാണ് ഒരു സമൂഹമാദ്ധ്യമത്തിലൂടെ ഈ വിവരം പങ്കുവച്ചത്. കഞ്ചാവ് കേക്ക് മുതിർന്നവർക്ക് മാത്രമാണ് കൊടുത്തതെന്നും കുട്ടികൾക്ക് ഈ കേക്ക് കൊടുത്തിട്ടില്ലെന്നും അൽവാരോ വ്യക്തമാക്കുന്നു. കേക്ക് കഴിച്ച ശേഷമുള്ള അതിഥികളുടെ വിക്രിയകളെല്ലാം താൻ വീഡിയോ എടുത്തിട്ടുണ്ടെന്നും കണ്ടാൽ ചിരി അടക്കാൻ സാധിക്കില്ലെന്നും അൽവാരോ പറയുന്നു.
ചിലിയിൽ മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നതിന് വിലക്കില്ല. അതിനാൽ തന്നെ കഞ്ചാവ് വളർത്തുന്നതും വിൽക്കുന്നതും നിയമപരമായി അവിടെ അനുവദനീയമാണ്. എന്നാൽ അൽവാരോയുടെ കാര്യത്തിൽ കഞ്ചാവ് ഉപയോഗിച്ചിരിക്കുന്നത് മരുന്നായിട്ടല്ല. അതിനാൽ തന്നെ ആരെങ്കിലും പരാതിപ്പെട്ടാൽ അൽവാരോയ്ക്ക് ശിക്ഷ ലഭിച്ചേക്കാം.