
ന്യൂഡൽഹി: അടുത്ത മൂന്ന് വര്‍ഷത്തിനിടെ പത്ത് ഫ്ലീറ്റ് മോഡ് ആണവ റിയാക്ടറുകള്‍ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. കര്‍ണാടകയിലെ കൈഗയില്‍ അടുത്ത വര്‍ഷം ആദ്യത്തെ റിയാക്ടര്‍ നിര്‍മാണത്തിന് തുടക്കമാകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൈഗ യൂണിറ്റ് 5, 6 എന്നിവയുടെ നിര്‍മാണം (എഫ്.പി.സി-ഫസ്റ്റ് പൗറിംഗ് കോണ്‍ക്രീറ്റ്) 2023ല്‍ ഉണ്ടാകുമെന്ന് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പാര്‍ലമെന്ററി പാനലിനെ അറ്റോമിക് എനര്‍ജി വകുപ്പ് അറിയിച്ചു. മൊത്തം 1.05 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ ചെലവ് ലാഭിക്കുന്നതിനും സമയം കുറയ്ക്കുന്നതിനുമായിട്ടാണ് പത്ത് റിയാക്ടറുകള്‍ക്ക് ഒരുമിച്ച് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഗൊരഖ്‌പൂര്‍ മൂന്ന്, നാല് യൂണിറ്റുകള്‍ക്കും കൈഗ അഞ്ച്, ആറ് യൂണിറ്റുകള്‍ക്കുമുള്ള ടര്‍ബൈന്‍ ദ്വീപിനുള്ള എൻജിനീയറിംഗ്, സംഭരണം, നിര്‍മ്മാണ പാക്കേജ് അനുവദിച്ചതായി അറ്റോമിക് എനര്‍ജി വകുപ്പ് അറിയിച്ചു.
ഫ്ലീറ്റ് മോഡില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ആണവ നിലയം നിര്‍മ്മിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ 6780 മെഗാവാട്ട് ശേഷിയുള്ള 22 ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി 10 ന് ഗുജറാത്തിലെ 700 മെഗാവാട്ട് റിയാക്ടര്‍ ഗ്രിഡുമായി ബന്ധിപ്പിച്ചെങ്കിലും ഇതുവരെ വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.