
മുംബയ്: ഐ പി എല്ലിൽ മുംബയ് ഇന്ത്യൻസിന്റെ ജേഴ്സിയിലുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി പേസർ ബേസിൽ തമ്പി. ഡൽഹി ക്യാപിറ്റൽസിനെതിരായി ഇന്ന് നടന്ന ആദ്യ മത്സരത്തിലാണ് ബേസിൽ മുംബയ് കുപ്പായത്തിലെ തന്റെ ആദ്യ മത്സരം കളിച്ചത്. ഒരോവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ മത്സരത്തിൽ മൊത്തം മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത് വീഴ്ത്തി. പൃഥ്വി ഷാ (38), റോവ്മാന്‍ പവല്‍ (0), ഷാര്‍ദുല്‍ ഠാക്കൂര്‍ (22) എന്നിവരെയാണ് ബേസില്‍ പുറത്താക്കിയത്.
10ാം ഓവറിലായിരുന്നു ബേസിലിന്റെ ഇരട്ട വിക്കറ്റ് നേട്ടം. പത്താം ഓവറിന്റെ രണ്ടാം പന്തിൽ മികച്ച ഫോമിൽ കളിക്കുകയായിരുന്ന ഓപ്പണർ പ്രിഥ്വി ഷായെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിൽ എത്തിച്ച ബേസിൽ, അതേ ഓവറിന്റെ നാലാം പന്തിൽ അപകടകാരിയായ റോവ്മാൻ പവലിനെ സാംസിന്റെ കൈകളിലും എത്തിച്ചു. തുടർന്ന് 14ാം ഓവറിന്റെ രണ്ടാം പന്തിൽ ശാർദൂൽ താക്കൂറിന്റെ വിക്കറ്റ് കൂടി നേടിയ ബേസിൽ തന്റെ പട്ടിക പൂർത്തിയാക്കി. നാല് ഓവർ എറിഞ്ഞ ബേസിൽ 35 റൺ വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. മുംബയ് നിരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയതും ബേസിലാണ്. മുരുകൻ അശ്വിൻ രണ്ടും മിൽസ് ഒരു വിക്കറ്റും വീഴ്ത്തി.
എന്നാൽ ബേസിലിന്റെ മികച്ച ബൗളിംഗ് പ്രകടനത്തിനും മുംബയെ രക്ഷിക്കാൻ സാധിച്ചില്ല. ഐ പി എല്ലിന്രെ പുതിയ സീസണിലെ ആദ്യ മത്സരം തന്നെ മുംബയ് പരാജയത്തോടെ ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബയ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. 48 പന്തിൽ 81 റൺസെടുത്ത ഇഷാൻ കിഷന്റെ മികച്ച പ്രകടനമാണ് മുംബയെ തുണച്ചത്. എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസ് പത്ത് പന്തുകൾ ബാക്കി നിർത്തി ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ലളിത് യാദവ് (38 പന്തിൽ 48), ശാർദൂൽ താക്കൂർ (11 പന്തിൽ 22), അക്സർ പട്ടേൽ (17 പന്തിൽ 38)സ എന്നിവർ അവസാന ഓവറുകളിൽ നടത്തിയ കടന്നാക്രമണമാണ് ഡൽഹി ക്യാപിറ്റൽസിന് വിജയം നേടിക്കൊടുത്തത്.