
കൊളംബോ: സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായി തുടരുന്നതിനിടെ വിവിധ രാജ്യങ്ങളിലെ തങ്ങളുടെ എംബസി പ്രവർത്തനം നിറുത്താനൊരുങ്ങി ശ്രീലങ്ക. രണ്ട് എംബസികളും ഒരു കൺസുലേറ്റ് ജനറലും അടയ്ക്കാനാണ് ശ്രീലങ്കയുടെ തീരുമാനം. ഇറാഖ്, നോർവെ എന്നിവിടങ്ങളിലെ എംബസിയും ഓസ്ട്രേലിയയിലെ കോൺസുലേറ്റും ഈ മാസം 31ന് അടയ്ക്കും. പ്രവർത്തനത്തിന് പണമില്ലാത്തതിനാലാണ് എംബസികൾ അടച്ചുപൂട്ടിയത്. അതേ സമയം, ഇന്ധനവിലയും താങ്ങാൻ ആവുന്നതിലും അപ്പുറമാണ്. ഇന്ധനത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. പെട്രോൾ പമ്പുകളിൽ കാവലിന് ശ്രീലങ്കൻ പട്ടാളം രംഗത്തുണ്ട്.
ഇന്ധനവില 20 ശതമാനം വർദ്ധിച്ച് 254 രൂപ എന്നത് 303 രൂപയായി. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ രണ്ടായിരം ടൺ അരി ശ്രീലങ്കയ്‌ക്ക് നൽകുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. നേരെത്തെ ഇന്ത്യ 40,000 ടൺ ഡീസൽ ലങ്കയ്‌ക്ക് നൽകുമെന്ന് അറിയിച്ചിരുന്നു. അതേ സമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ഇന്ന് ലങ്കയിലെത്തും. ബിംസ്റ്റെക് ഉച്ചകോടിയുടെ ഭാഗമായാണ് ജയ്‌ശങ്കർ ലങ്കയിലെത്തുന്നത്. ലങ്കൻ നേതാക്കളുമായി ജയ്‌ശങ്കർ ചർച്ച നടത്തും. ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയാണ് ബിംസ്റ്റെകിലെ മറ്റ് അംഗരാജ്യങ്ങൾ. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയെ വെർച്വലായി അഭിസംബോധന ചെയ്യും.