
റിയാദ്: സൗദി അറേബ്യയിൽ നടക്കുന്ന ഫോർമുല വൺ ഗ്രീൻപ്രീക്കിടെ കാറോട്ട മത്സരത്തിലെ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറിന്റെ മകൻ മിക്ക് ഷൂമാക്കറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഹാസിന് വേണ്ടി മത്സരിക്കുന്ന മിക്കിന്റെ കാർ ശനിയാഴ്ച നടന്ന രണ്ടാം യോഗ്യതാ റൗണ്ടിനിടെയാണ് അപകടത്തിൽപ്പെടുന്നത്. അപകട സമയത്ത് മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന മിക്കിന്റെ വാഹനം വശങ്ങളിലുള്ള ഭിത്തിയിൽ ഇടിച്ച ശേഷം നടുഭാഗത്ത് നിന്ന് രണ്ടായി പിളർന്നു പോകുകയായിരുന്നു.
ആരോഗ്യ വിദഗ്‌ദ്ധർ എത്തിയെങ്കിലും ആദ്യ പരിശോധനയിൽ താരത്തിന് വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.പരസഹായം കൂടാതെ തന്നെ ആംബുലൻസിൽ കയറിയ മിക്ക് സ്വന്തം ഗ്ലൗസ് ഊരുകയും ചെയ്തു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഹോട്ടൽ മുറിയിൽ മടങ്ങിയെത്തിയ മിക്ക് തനിക്ക് കുഴപ്പമൊന്നുമില്ലെന്നും എന്നാൽ ഇന്ന് നടക്കുന്ന സൗദി അറേബ്യൻ ഗ്രാൻപ്രീയിൽ താൻ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ഇന്നത്തെ ഗ്രാൻപ്രീയിൽ മിക്ക് പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ടീമായ ഹാസും പിന്നീട് പത്രകുറിപ്പിൽ വ്യക്തമാക്കി.
വളരെയേറെ ശക്തിയിലായിരുന്നു കാർ ഭിത്തിയിൽ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തുള്ള രണ്ട് വീലുകളും തെറിച്ചുപോയിരുന്നു. ജെദ്ദ സ്ട്രീറ്റ് സർക്ക്യൂട്ടിൽ വച്ചാണ് സൗദി അറേബ്യൻ ഗ്രാൻപ്രീ നടക്കുക. സർക്ക്യൂട്ടിനടുത്ത് തന്നെയുള്ള് ആശുപത്രിയിലാണ് മിക്കിനെ അപകടശേഷം കൊണ്ടുപോയത്.