
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി നനടൻ ദിലീപിനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യൽ.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യുക.
നടിയെ ആക്രമിച്ചതിന്‍റെ ഗൂഡാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിനുള്ള പങ്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നാണ് അന്വേഷണസംഘം പറയുന്നത്. ദിലീപിന്‍റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടടക്കം ചോദ്യം ചെയ്യലില്‍ നിർണായകമാകും. . എഴുതി തയ്യാറാക്കിയ ചോദ്യങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ദിലീപില്‍ നിന്ന് വിവരങ്ങള്‍ തേടുക. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തിലും ദിലീപിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടും. എസ്. പി സോജന്റെയും ഡിവൈ.എസ്.പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.