kk

പുനരുപയോഗിക്കാവുന്ന വസ്തുക്കൾ കൊണ്ടുള്ള ഗൃഹനിർമ്മാണം ഇന്ന് അപൂർവ്വമല്ല. ഇത്തരത്തിൽ കഴുകി ഉപയോഗിക്കാവുന്ന കുഞ്ഞുവീടുകളും ഓഫീസ് റൂമുകളും ഒരുക്കി ശ്രദ്ധ നേടുകയാണ് അയർലൻഡ് സ്വദേശികളായ കെവിൻ റീഗനും ഷെയ്‌ൻ തോൺടണും. ഇവർ ഇതിനായി ഉപയോഗിക്കുന്നതാകട്ടെ ഉപയോഗം കഴിഞ്ഞ വിമാനങ്ങളും.

വിമാനത്തിന്റെ ഭാഗങ്ങളിൽ താമസസൗകര്യങ്ങളും ഓഫിസ് സൗകര്യങ്ങളും ഒരുക്കി ആവശ്യക്കാർക്കായി പോഡുകൾ നിർമ്മിച്ചുനൽകുകയാണ് ഇവർ ആരംഭിച്ച എയറോപോഡ്‌സേ എന്ന കമ്പനി. വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഒരു ഹോം ഓഫിസ് എന്ന നിലയിൽ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച സൗകര്യമാണ് എയറോപോഡ്സ് ഒരുക്കുന്നത്.

സ്വന്തം ആവശ്യത്തിനായാണ് കെവിൻ ഇൻഡിഗോ എയർലൈൻസിന്റെ ഉപയോഗം കഴിഞ്ഞ ഒരു വിമാനം രൂപമാറ്റം വരുത്തിയത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ചിത്രം വൈറലായതോടെ കൂടുതൽ പേർ ഇത്തരമൊന്ന് നിർമ്മിച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. നാലുമാസം സമയമെടുത്താണ് വിമാനത്തിനുള്ളിലെ ആദ്യത്തെ ഹോം ഓഫീസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇപ്പോൾ ആളുകളുടെ ആവശ്യപ്രകാരം വ്യത്യസ്ത വലുപ്പത്തിലുള്ളവ നിർമ്മിച്ചു നൽകുന്നുണ്ട്.

kk

വിമാനത്തിന്റെ മൂന്നു ജനാലകൾ മാത്രം ഉൾപ്പെടുന്ന ചെറിയ സൗകര്യം മുതൽ10 ജനാലകൾ ഉള്ള പോഡുകൾ വരെ നിർമിക്കുന്നുണ്ട്. വലിയ പോഡുകളിൽ ഒരു കിടപ്പുമുറി, ബാത്‌റൂം , അടുക്കള എന്നിവയും ഉൾപ്പെടും. വിമാനത്തിന്റെ മുകൾഭാഗത്തുള്ള കാബിനുകളും സീറ്റുകളും നീക്കം ചെയ്തത് ഒഴിച്ചാൽ മറ്റൊരു മാറ്റവും ഇന്റീരിയറിൽ വരുത്താറില്ല. എൽ.ഇ.ഡി ലൈറ്റ്, ഹീറ്റർ ഉപയോഗിക്കാനുള്ള സോക്കറ്റുക& എന്നിവയാണ് മറ്റു സൗകര്യങ്ങൾ. ഗ്ലാസ് കൊണ്ടുള്ള വാതിലുകളാണ് നൽകിയിരിക്കുന്നത്.

kk

കോൺക്രീറ്റ് ചെയ്ത ഒരു പ്രതലം ഉണ്ടെങ്കിൽ അവിടേക്ക് എത്തിച്ച് സ്ഥാപിക്കാവുന്ന രീതിയിലാണ് എയറോപോഡുകളുടെ നിർമ്മാണം. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റാനാവും എന്ന പ്രത്യേകതയുമുണ്ട്. കാറുകൾ കഴുകി ഉപയോഗിക്കുന്ന വിധത്തിൽ ഇവയും കഴുകി ഉപയോഗിക്കാനാവും. പത്തു വർഷത്തെ സ്ട്രക്ചറൽ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 20,000 യൂറോ (16 ലക്ഷം രൂപ) മുതൽ 37,000 യൂറോ (31 ലക്ഷം രൂപ) വരെയാണ് എയറോപോഡുകളുടെ വില.