
മുംബയ്: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബയ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് 12 ലക്ഷം രൂപയുടെ പിഴ ശിക്ഷ വിധിച്ച് ഐ പി എൽ. മത്സരശേഷം നൽകിയ പത്രകുറിപ്പിലാണ് രോഹിത് ശർമ്മയ്ക്ക് പിഴ ശിക്ഷ വിധിച്ച തീരുമാനം ഐ പി എൽ അറിയിച്ചത്. ഡൽഹിക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനാണ് മുംബയ് ക്യാപ്ടന് പിഴ വിധിച്ചത്.
മത്സരങ്ങൾ കൃത്യ സമയത്ത് തീർക്കുന്നതിന് വേണ്ടി ഓവർ നിരക്കിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്ന് ഐ പി എൽ ഭാരവാഹികൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിലപാടിൽ യാതൊരു വിധത്തിലുള്ള തിരിഞ്ഞുനോട്ടത്തിനും തയ്യാറല്ലെന്ന് വ്യക്തമാക്കുന്നത് കൂടിയായിരുന്നു ഇന്ത്യൻ ക്യാപ്ടൻ കൂടിയായ രോഹിത് ശർമ്മയ്ക്കെതിരെയുള്ള പിഴ ശിക്ഷ. നാലു പേസർമാരുമായി കളത്തിലിറങ്ങിയപ്പോൾ തന്നെ മുംബയ് ഓവർ നിരക്ക് നിലനിർത്താൻ പാടുപ്പെടുമെന്ന് വ്യക്തമായിരുന്നു. ഡാനിയൽ സാംസ്, ജസ്പ്രീത് ബുമ്ര, ബേസിൽ തമ്പി, ടൈമൽ മിൽസ് എന്നിവരായിരുന്നു മുംബയ് നിരയിലെ പേസർമാർ.
എന്നാൽ ഐ പി എല്ലിന്രെ പുതിയ സീസണിലെ ആദ്യ മത്സരം തന്നെ മുംബയ് പരാജയത്തോടെയാണ് ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബയ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. 48 പന്തിൽ 81 റൺസെടുത്ത ഇഷാൻ കിഷന്റെ മികച്ച പ്രകടനമാണ് മുംബയെ തുണച്ചത്. എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസ് പത്ത് പന്തുകൾ ബാക്കി നിർത്തി ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ലളിത് യാദവ് (38 പന്തിൽ 48), ശാർദൂൽ താക്കൂർ (11 പന്തിൽ 22), അക്സർ പട്ടേൽ (17 പന്തിൽ 38)സ എന്നിവർ അവസാന ഓവറുകളിൽ നടത്തിയ കടന്നാക്രമണമാണ് ഡൽഹി ക്യാപിറ്റൽസിന് വിജയം നേടിക്കൊടുത്തത്.