kk

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വത്തിന് ഗംഭീര വരവേല്പാണ് ആരാധകർ നൽകിയത്. നവാഗതനായ ദേവദത് ഷാജിയും അമൽ നീരദും ചേർന്ന് രചിച്ച ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചതും അമൽ നീരദ് പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പറുദീസാ, രതിപുഷ്പം, ആകാശം പോലെ എന്നിവ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗാനങ്ങളാണ്. പറുദീസ, രതിപുഷ്പം എന്നീ ഗാനങ്ങളുടെ വീഡിയോയും ഇതിലെ തീം സോംഗിന്റെ ലിറിക്കൽ വീഡിയോയും പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കാത്തിരുന്ന, ആകാശം പോലെ എന്ന ഗാനത്തിന്റെ വീഡിയോയും ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. മനോഹരമായ ഈ മെലഡിക്ക് വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ആലപിച്ചിരിക്കുന്നത് ഹംസിക അയ്യർ, കപിൽ കപിലൻ എന്നിവർ ചേർന്നുമാണ്. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ശ്രീനാഥ് ഭാസി, അനഘ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് ഈ ഗാനരംഗത്തിലുള്ളത്. ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റ് ചെയ്തത് വിവേക് ഹർഷനുമാണ്.