
ഇടുക്കി: മൂലമറ്റത്ത് യുവാവിനെ വെടിവച്ചുകൊല്ലാൻ പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് നാടൻ തോക്കാണെന്ന് സ്ഥിരീകരിച്ചു. ഏലത്തോട്ടത്തിൽ വരുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനും നായാട്ടിനും വേണ്ടിയാണ് 2014ൽ കരിങ്കുന്നം സ്വദേശിയായ കൊല്ലനെക്കൊണ്ട് തോക്ക് നിർമിച്ചത്.
2014 ൽ ഒരു ലക്ഷം രൂപയ്ക്കാണ് ഫിലിപ്പ് തോക്ക് വാങ്ങിയത്. കൊല്ലൻ രണ്ട് വർഷം മുൻപ് മരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതിക്ക് തോക്കിൽ നിറയ്ക്കാനുള്ള തിരകൾ ലഭിച്ചത് എവിടെ നിന്നാണെന്നതുൾപ്പടെയുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്
ശനിയാഴ്ച രാത്രി പത്തോടെ അറക്കുളം അശോക കവലയിലെ തട്ടുകടയിൽ എത്തിയ ഫിലിപ്പ് മാർട്ടിനും പിതൃസഹോദരൻ ജിജുവും ബീഫ് ഉൾപ്പടെയുള്ള ഭക്ഷണത്തിന് ഓർഡർ നൽകി. ബീഫ് ഇല്ലെന്ന് കടയുടമ പി.വി. സൗമ്യ പറഞ്ഞു. എന്നാൽ, ബീഫ് പാഴ്സൽ നൽകുന്നത് കണ്ടതോടെ ഫിലിപ്പ് ഇത് ചോദ്യം ചെയ്തു.
ഫിലിപ്പ് ബഹളം വച്ചതോടെ കടയിൽ ഉണ്ടായിരുന്നവർ ഇയാളെ മർദ്ദിച്ചു. തുടർന്ന് വീട്ടിലേക്ക് പോയ ഫിലിപ്പ് തോക്കുമായി കാറിൽ ഒറ്റയ്ക്ക് ഹോട്ടലിന് മുന്നിലെത്തി ആകാശത്തേക്ക് വെടിയുതിർത്തു. ഈ സമയം സ്കൂട്ടറിൽ വരികയായിരുന്ന ഇടുക്കി കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ പാട്ടത്തിൽ സനൽ ബാബു (ജബ്ബാർ-32)വിനും സുഹൃത്ത് മൂലമറ്റം കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്കരനും (32) വെടിയേറ്റു. സനൽ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രദീപ് ആശുപത്രിയിൽ ചികിത്സയിലാണ്.