
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദേശീയ പൊതുപണിമുടക്ക് കേരളത്തിൽ പലയിടത്തും അക്രമാസക്തമായി. സംസ്ഥാനത്തെ പൊതുഗതാഗതവും വ്യാപാരവും സമരക്കാർ സ്തംഭിപ്പിച്ചു. എന്നാൽ രാജ്യത്ത് കേരളമൊഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പണിമുടക്ക് ഗുരുതരമായില്ല.
തിരുവനന്തപുരം കാട്ടാക്കടയിൽ ബിജെപി പ്രവർത്തകരും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. സമരാനുകൂലികൾ കസേര നിരത്തി റോഡ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞ സമരാനുകൂലികള്‍ താക്കോല്‍ ഊരിയെടുത്തു.
മിക്കയിടത്തും ജോലിക്കെത്തിയവരെ തടഞ്ഞു. പ്രാവച്ചമ്പലത്ത് സ്വന്തം വാഹനത്തിലെത്തിയ റെയിൽവേ ഉദ്യോഗസ്ഥനെ സമരമാനുകൂലികൾ തടഞ്ഞു. ഒടുവിൽ അദ്ദേഹത്തിന് തിരികെ പോകേണ്ടി വന്നു.
കോഴിക്കോട് സമരക്കാർ ഓട്ടോറിക്ഷയുടെ കാറ്റഴിച്ചുവിട്ടു. റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ വണ്ടിയിൽ നിന്ന് ഇറക്കി വിടുകയും ചെയ്‌തു. നാളെ രാത്രി 12 വരെയാണ് പണിമുടക്ക്. പൊലീസിന്റെ മുന്നിൽ വച്ചാണ് മിക്കയിടത്തും സമരക്കാർ വാഹനങ്ങൾ തടഞ്ഞത്.