student

ചെന്നൈ: അദ്ധ്യാപകന്റെ ശല്യം സഹിക്കാൻ കഴിയാതെ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെല്ലൂർ ജില്ലയിൽ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്‌കൂളിലെ ഏഴാം ക്ലാസുകാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ മുരളി കൃഷ്ണ എന്ന അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ അമ്മ പത്ത് ദിവസം മുമ്പ് സ്‌കൂളിലെത്തി മകളെ ഇനി ശല്യം ചെയ്യരുതെന്നും, ആവർത്തിച്ചാൽ പൊലീസിൽ പരാതി നൽകുമെന്നും താക്കീത് ചെയ്തിരുന്നു. ഇതുവകവയ്ക്കാതെ ഇയാൾ ശല്യം തുടർന്നു. റാണിപ്പേട്ട ജില്ലയിലെ ചീക്കാപുരത്തെ ഹൗസിംഗ് ബോർഡ് കോളനിയിലെ തന്റെ വീട്ടിലേക്ക് വരണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസം മുൻപ് അദ്ധ്യാപകൻ പെൺകുട്ടിക്ക് കത്ത് നൽകിയിരുന്നു.

രക്ഷിതാക്കളോട് അദ്ധ്യാപകന്റെ കത്തിനെക്കുറിച്ച് വിദ്യാർത്ഥിനി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കുട്ടി സ്‌കൂളിൽ പോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന വാർണീഷ് എടുത്ത് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ബോധരഹിതയായ പെൺകുട്ടിയെ ഉടൻ വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. മുരളി കൃഷ്ണനെതിരെ മുൻപും സമാന പരാതികൾ ഉയർന്നിരുന്നു.