boobathi

സേലം: ഇരുപത്തിയൊൻപതുകാരൻ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത് ഒരു രൂപ നാണയങ്ങൾ ചേർത്ത്. 2.6 ലക്ഷം രൂപ വില വരുന്ന ബൈക്ക് സ്വന്തമാക്കാൻ മൂന്ന് വർഷത്തോളം ഒരു രൂപ നാണയത്തുട്ടുകൾ സ്വരൂപിക്കുകയായിരുന്നു. തമിഴ്‌നാട് അമ്മാപേട്ട് സ്വദേശിയായ ഭൂപതിയാണ് ഒരു രൂപ നാണയങ്ങൾ ചേർത്തുവച്ച് കൊതിച്ച വാഹനം സ്വന്തമാക്കിയത്.

2.6 ലക്ഷം രൂപയുടെ ഡോമിനോർ 400 സി സി ബൈക്ക് ആണ് ഒരു രൂപ നാണയശേഖരം നൽകി ബജാജ് ഷോറൂമിൽ നിന്ന് ഭൂപതി വാങ്ങിയത്. തുടക്കത്തിൽ ഒന്നു സംശയിച്ചെങ്കിലും യുവാവിന്റെ ആഗ്രഹം സഫലമാക്കാൻ നാണയം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഷോറൂം മാനേജരായ മഹ്‌വിക്രാന്ത് പറയുന്നു. പത്ത് മണിക്കൂർ ചെലവഴിച്ചാണ് ഷോറൂമിലെ ജീവനക്കാർ നാണയങ്ങൾ എണ്ണിത്തീർത്തത്.

boobathi

2000 മൂല്യത്തിലുള്ള ഒരു ലക്ഷം രൂപ എണ്ണുന്നതിന് പോലും ബാങ്ക് 140 രൂപ കമ്മീഷൻ ഈടാക്കും. 2.6 ലക്ഷം രൂപ ഒരു രൂപ നാണയത്തിൽ നൽകുമ്പോൾ അവർ സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഒരു ഹൈ എൻഡ് ബൈക്ക് സ്വന്തമാക്കുക എന്ന ചെറുപ്പക്കാരന്റെ സ്വപ്നം സഫലമാക്കാൻ തന്നെ ഒടുവിൽ തീരുമാനിക്കുകയായിരുന്നെന്ന് മാനേജർ പറഞ്ഞു.

ബി സി എ ബിരുദധാാരിയായ ഭൂപതി ഒരു സ്വകാര്യ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി നോക്കുകയാണ്. ഒരു യൂ ട്യൂബർ കൂടിയാണ് ഭൂപതി. മൂന്ന് വർഷം മുൻപ് ഷോറൂമിൽ അന്വേഷിച്ചപ്പോൾ രണ്ട് ലക്ഷം രൂപയാണ് ബൈക്കിന് വില പറഞ്ഞിരുന്നത്. അപ്പോൾ തന്റെ കൈവശം അത്രയും കാശ് ഇല്ലായിരുന്നെന്നും തുടർന്ന് യൂ ട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനം കൂട്ടി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ഭൂപതി പറഞ്ഞു. അപ്പോൾ മുതൽ പണം സ്വരൂപിക്കാൻ ആരംഭിച്ചിരുന്നു.

തുടക്കം മുതൽ തന്നെ നോട്ടുകൾ അമ്പലത്തിലും ഹോട്ടലുകളിലും ചായക്കടകളിയും മറ്റും മാറ്റി ഒരു രൂപ നാണയത്തുട്ടുകളിലായി സൂക്ഷിക്കുകയായിരുന്നു. അടുത്തിടെ തിരക്കിയപ്പോൾ ബൈക്കിന്റെ വില 2.6 ലക്ഷം രൂപയാണെന്നിഞ്ഞുവെന്നും അത്രയും പണം കൈവശമുണ്ടായിരുന്നതിനാൽ ഷോറൂമിൽ എത്തി നാണയശേഖരം നൽകി ബൈക്ക് വാങ്ങുകയായിരുന്നെന്നും ഭൂപതി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ മിനി വാനിൽ നാണയങ്ങൾ ചാക്കുകളിലാക്കിയാണ് യുവാവും സുഹൃത്തുക്കളും ഷോറൂമിൽ എത്തിയത്. ഭൂപതിയും നാല് സുഹൃത്തുക്കളും അഞ്ച് സ്റ്റാഫുകളും ചേർന്ന് നാണയങ്ങൾ എണ്ണിത്തീർക്കുകയായിരുന്നു. ശനിഴാഴ്ച രാത്രി ഒൻപത് മണിയോടെ വാഹനം ഭൂപതിയുടെ പക്കൽ എത്തി.