police

ദുബായ്: പൊലീസ് പട്രോളിംഗ് ചിത്രീകരിച്ച് കാമുകിക്ക് അയച്ചു കൊടുത്ത യുവാവിന് അരലക്ഷം ദർഹം പിഴ ചുമത്തി ദുബായ് ക്രിമിനൽ കോടതി.

ദുബായിലെ പാം ജുമൈറ ഏരിയയിൽ വച്ചായിരുന്നു സംഭവം. യുവാവും രണ്ടു സുഹൃത്തുക്കളും സഞ്ചരിക്കുന്ന വാഹനത്തിന് സമീപത്തൂടെ പട്രോൾ നടത്തുകയായിരുന്നു ദുബായ് പൊലീസ്.

ഇവരുടെ വാഹനത്തിന്റെ ഡ്രൈവർ മൊബൈലിൽ സംസാരിക്കുന്നത് കണ്ട് മുന്നറിയിപ്പ് നൽകാനെത്തിയതായിരുന്നു പൊലീസ്. എന്നാൽ ഈ സമയത്ത് യുവാവ് മൊബൈലിൽ വീഡിയോ പകർത്തുകയും പൊലീസിനെ അസഭ്യം വിളിക്കുന്നതുൾപ്പെടെ ചിത്രീകരിച്ച് സ്നാപ് ചാറ്റ് വഴി കാമുകിയ്‌ക്ക് അയച്ചു കൊടുക്കുകയുമായിരുന്നു.

വീഡിയോ ചിത്രീകരിക്കുന്നത് കണ്ട പൊലീസുദ്യോഗസ്ഥർ ഫോൺ നൽകാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് വിസമ്മതിച്ചു. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചു.