
തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് സ്വകാര്യ വാഹനങ്ങൾ സമരക്കാർ തടയുന്നു. പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് അൻപതോളം വരുന്ന സമരാനുകൂലികൾ ബൈക്കും കാറും അടക്കമുള്ള വാഹനങ്ങൾ തടയുന്നത്.
'മാസങ്ങൾക്ക് മുൻപ് ഞങ്ങൾ എല്ലാ ജനങ്ങളെയും അറിയിച്ചതാണ്. സമരം പൊളിക്കണമെന്ന് പറഞ്ഞ് വരുന്നവരെ വിടൂല. അല്ലാതെ ആശുപത്രിയിലൊക്കെ പോകുന്നവരെ വിടും. ഇത്രയും സ്ത്രീകളെ ഇതിനകത്ത് കൊണ്ടുവരേണ്ട ആവശ്യമുണ്ടോ.'- സമരക്കാർ പറഞ്ഞു.

ആശുപത്രിയിൽ പോകുകയായിരുന്ന സ്ത്രീയേയും സമരക്കാർ തടഞ്ഞു. 'രണ്ട് മാസത്തിന് മുന്നേ ഞങ്ങൾ അറിയിച്ചതാണ്. നിങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത്. നിങ്ങൾ വീട്ടിലിരുന്ന് പറയുകയേയുള്ളൂ, ഞങ്ങൾ ഇറങ്ങിപ്രവർത്തിക്കുന്നവരാണ്. അതോണ്ട് നിങ്ങൾ നമ്മളോട് സഹകരിക്കുക. ഇതുപോലൊരു പ്രതിഷേധമില്ലെങ്കിൽ നമ്മൾക്ക് ജീവിക്കാൻ പറ്റില്ല. നമ്മളും ജോലിക്കൊക്കെ പോകുന്നവരാ. ഇത് കാമ്പയിനിംഗാണ്'-സമരക്കാർ പറഞ്ഞു.
വാഹനങ്ങൾ തടയുന്നിടത്ത് കൂടുതൽ പൊലീസെത്തി. അതേസമയം എടവണ്ണപ്പാറയിൽ ബലമായി കട അടപ്പിച്ചു. ആർസിസിയിലേക്കും മറ്റും പോകാനായി റെയിൽവേസ്‌റ്റേഷനിലെത്തിയ യാത്രക്കാരെ പൊലീസ് വാഹനങ്ങളിലാണ് കൊണ്ടുപോയത്. ഇവിടേക്ക് കെ എസ് ആർ ടി സിയും മറ്റും സർവീസ് നടത്തുകയും ചെയ്തു.