
തൃശൂർ: അഹിന്ദുവായതിന്റെ പേരിൽ ക്ഷേത്രത്തിലെ നൃത്തപരിപാടിയിൽ നിന്നും വിലക്കിയതായി നർത്തകി വി പി മൻസിയ. കൂടൽമാണിക്യം ക്ഷേത്രത്തിലെ ഭാരവാഹികൾക്കെതിരെയാണ് ഫേസ്ബുക്കിലൂടെ അവർ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഏപ്രിൽ 21ലെ ഉത്സവദിനത്തിൽ നൃത്തം തീരുമാനിച്ച് നോട്ടീസ് അച്ചടിച്ചെങ്കിലും പിന്നീട് ക്ഷേത്രഭാരവാഹികളിലൊരാൾ വിളിച്ച് മതം മാറിയോ എന്ന് അന്വേഷിക്കുകയായിരുന്നുവെന്നും മൻസിയ കുറിച്ചു.
ക്ഷേത്രകലകൾ പഠിച്ചതിന്റെ പേരിൽ മുസ്ലിം പള്ളിക്കമ്മിറ്റിയിൽ നിന്നും മതനേതാക്കളിൽ നിന്നും വിലക്ക് നേരിട്ട പെൺകുട്ടിയാണ് മൻസിയ. ഉമ്മ മരിച്ചപ്പോൾ മൃതദേഹം കബറടക്കം അടക്കമുള്ള ചടങ്ങുകൾ മതനേതൃത്വം അനുവദിച്ചിരുന്നില്ല.
എന്നാൽ, ഇത് പുതിയ അനുഭവം ഒന്നുമല്ലെന്നും വർഷങ്ങൾക്കു മുമ്പ് ഗുരുവായൂർ ഉത്സവത്തിലും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും മൻസിയ കുറിപ്പിൽ പറയുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിലേക്ക്...
കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോൽസവത്തിൽ' ഏപ്രിൽ 21 വൈകീട്ട് 4 മുതൽ 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു.
അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ. നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് കൺവെർട്ട് ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ.
ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് കൺവെർട്ട്ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു.
കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
NB: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..