afgan-women

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകൾക്ക് മേൽ കൂടുതൽ വിലക്കുമായി താലിബാൻ. ഇനി മുതൽ രാജ്യത്തെ സ്‌ത്രീകൾക്ക് പുരുഷന്മാർ ഒപ്പമില്ലെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യാനാകില്ല. ഇത് സംബന്ധിച്ച് അഫ്‌ഗാനിലെ വിമാനക്കമ്പനികൾക്ക് താലിബാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്തെ ഗേൾസ് സെക്കൻഡറി സ്കൂളുകൾ തുറക്കാൻ അനുവാദം നൽകി മണിക്കൂറുകൾക്കകം പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള വിലക്കും പ്രാബല്യത്തിൽ വന്നത്. എയർപോർട്ട് ഇമിഗ്രേഷൻ അധികാരികളും താലിബാൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സ്ത്രീകൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

രാജ്യത്ത് താലിബാൻ അധികാരത്തിലേയ്ക്ക് മടങ്ങിയെത്തിയതിന് ശേഷം കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകൾ നേരിടുന്നത്. റോഡ് മാർഗത്തിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിൽ നിന്ന് നേരത്തെ തന്നെ സ്ത്രീകളെ വിലക്കിയിരുന്നു. ഒട്ടുമിക്ക സർക്കാർ ജോലികളിൽ നിന്നും സ്ത്രീകളെ വിലക്കിയ താലിബാൻ വിദ്യാഭ്യാസത്തിനുള്ള ഇവരുടെ അവകാശങ്ങളും നിഷേധിക്കുകയാണ്. ശ്വാസം മുട്ടിയാണ് താലിബാൻ ഭരണത്തിൽ അഫ്‌ഗാനിലെ സ്ത്രീകൾ കഴിയുന്നത്.