
ന്യൂഡൽഹി: ഹിന്ദുക്കൾ ഭൂരിപക്ഷമല്ലാത്ത സ്ഥലങ്ങളിൽ അവർക്ക് ന്യൂനപക്ഷ പദവി നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ന്യൂനപക്ഷങ്ങൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഹിന്ദുക്കൾ കുറവുള്ള സംസ്ഥാനങ്ങളിൽ അവർക്ക് ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചു കൊണ്ട് ആനുകൂല്യങ്ങൾ അവർക്കു കൂടി ലഭ്യമാക്കാനാകുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. അവർക്ക് കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. അതിനാൽ സംസ്ഥാന തലത്തിൽ ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപികരിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.
ജമ്മു കശ്മീർ, മിസോറാം, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, ലക്ഷദ്വീപ്, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഹിന്ദു, ജൂത, ബഹായിസം വിശ്വാസികൾ ന്യൂനപക്ഷ വിഭാഗങ്ങളാണ്. എന്നാൽ അവിടെ ഈ സമുദായങ്ങളെ ന്യൂനപക്ഷമായി കണക്കാക്കുന്നില്ല. മറിച്ച് അവിടെയുള്ള യഥാർത്ഥ ഭൂരിപക്ഷ സമുദായങ്ങളെയാണ് ദേശീയ ജനസംഘ്യയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷമായി കണക്കാക്കുന്നത്. അവർക്കാണ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതും. അതിനാൽ തന്നെ ഇവിടെയുള്ള യഥാർത്ഥ ന്യൂനപക്ഷ സമുദായങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും അശ്വനി കുമാർ ഉപാധ്യായയുടെ ഹർജിയിൽ പറയുന്നു. ഹിന്ദു, ജൂത, ബഹായിസം അനുയായികൾക്ക് പ്രസ്തുത സംസ്ഥാനങ്ങളിൽ അവരുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന തലത്തിൽ തന്നെ തീരുമാനിക്കാമെന്ന് ന്യൂനപക്ഷ കാര്യ മന്ത്രാലയം അറിയിച്ചു.
ഭരണഘടനാപരമായ അധികാരം വിനിയോഗിച്ച് കേന്ദ്രം ഇതുവരെ രാജ്യത്ത് മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മത വിഭാഗങ്ങളെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒരു സമുദായത്തെ ഭാഷാപരമായോ മതപരമായോ ന്യൂനപക്ഷമായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രം അറിയിക്കുന്നത്. മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് ജൂത മത വിശ്വാസികളെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതു പോലെ തന്നെ കർണാടക സർക്കാർ ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി, തുളു, ലമാനി (ലംബാഡി), ഹിന്ദി, കൊങ്കണി, ഗുജറാത്തി എന്നീ ഭാഷകളെ സംസ്ഥാനത്തിനുള്ളിൽ ന്യൂനപക്ഷ ഭാഷകളായും പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഭാഷാപരമോ മതപരമോ ആയ സമുദായങ്ങൾ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവരുടെ അധികാരപരിധിക്കുള്ളിൽ ന്യൂനപക്ഷ സ്ഥാപനങ്ങളായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്കു കഴിയുമെന്നും കേന്ദ്രം പറയുന്നുണ്ട്. 2020ൽ കർണാടക സർക്കാർ തെലുങ്ക് അൺ എയ്ഡഡ് സ്‌കൂളുകളെ ന്യൂനപക്ഷ സ്‌കൂളായി പ്രഖ്യാപിച്ചിരുന്നു. മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങൾ രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്നു. അവ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമായി പരിമിതപ്പെടുത്താനാവില്ല. ഒരു സംസ്ഥാനത്ത് ഭൂരിപക്ഷമുള്ള ഒരു മതവിഭാഗം മറ്റൊരു സംസ്ഥാനത്ത് ന്യൂനപക്ഷമായേക്കാം. അതിനാൽ ഇതു സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക എളുപ്പമല്ലെന്നും കേന്ദ്ര സർക്കാർ പറയുന്നു.