
ബീജിംഗ്: കൊവിഡ് കേസുകൾ രൂക്ഷമാകുന്നത് കണക്കിലെടുത്ത് ചൈനയുടെ ഏറ്റവും വലിയ നഗരമായ ഷാങ്‌ഹായിൽ ഇന്ന് മുതൽ ലോക്ക് ഡൗൺ നിലവിൽ വന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർച്ചയുടെ വക്കിലെത്തി നിൽക്കെയാണ് സർക്കാരിന്റെ പുതിയ നീക്കം.
ഷാങ്‌ഹായിലെ സാമ്പത്തിക ജില്ലയായി അറിയപ്പെടുന്ന പുഡോംഗും അനുബന്ധ പ്രദേശങ്ങളും അടച്ചുപൂട്ടി. രണ്ട് ഘട്ടത്തിലായാണ് ലോക്ക് ഡൗൺ നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിൽ നഗരത്തെ വിഭജിക്കുന്ന ഹുവാങ്‌പു നദിയുടെ പടിഞ്ഞാറെയുള്ള ഡൗണ്ടൗൻ പ്രദേശത്ത് വെള്ളിയാഴ്ച മുതൽ അഞ്ച് ദിവസത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജനങ്ങൾ വീടുകളിൽ തന്നെ കഴിയണം. പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ വീടുകൾക്ക് മുന്നിൽ അവശ്യ സാധനങ്ങൾ എത്തിച്ചുനൽകും. അവശ്യ സേവനങ്ങളിൽ ഉൾപ്പെടാത്ത ഓഫീസുകളും ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. പൊതു ഗതാഗതവും നിർത്തലാക്കിയിരിക്കുകയാണ്.
26 ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ പ്രധാന പ്രദേശങ്ങളിലെല്ലാം നേരത്തെ തന്നെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇവിടത്തെ ജനങ്ങൾ ഇടയ്ക്കിടെ കൊവിഡ് പരിശോധനയും നടത്തണം. 56,000ത്തിൽ കൂടുതൽ കേസുകളാണ് ഈ മാസം മാത്രമായി ചൈനയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഷാങ്‌ഹായിൽ താരതമ്യേന കൊവിഡ് കേസുകൾ കുറവാണ്. ശനിയാഴ്ച 47 കേസുകളായിരുന്നു പ്രദേശത്ത് സ്ഥിരീകരിച്ചത്.
അതേസമയം, ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ സീറോ കൊവിഡ് നിയന്ത്രണങ്ങൾ തുടരുകയാണ്. കൊവിഡിനെതിരായ സാമ്പത്തികവും ഫലപ്രദവുമായ പ്രതിരോധ മാർഗമെന്നാണ് ഇതിനെ സർക്കാർ വിശേഷിപ്പിക്കുന്നത്. ലോക്ക് ഡൗൺ ഏർപ്പെടുത്തുകയും പരിശോധന വ്യാപകമാക്കുകയും ചെയ്യുന്ന രീതിയാണിത്. രോഗികളുമായി സമ്പർക്കത്തിൽ വരുന്നവരെ ഉടൻ തന്നെ ക്വാറന്റൈനിൽ അയക്കുകയും ചെയ്യും. സമൂഹ വ്യാപനം ഏതുവിധേനയും തടയുക എന്ന ലക്ഷ്യത്തോടെയാണ് സീറോ കൊവിഡ് പദ്ധതി നടപ്പിലാക്കുന്നത്.
അതേസമയം, 87 ശതമാനമാണ് ചൈനയുടെ വാക്സിനേഷൻ നിരക്ക്. വാക്സിൻ സ്വീകരിച്ച പ്രായമായവരുടെ എണ്ണം വളരെ കുറവാണ്. അറുപത് വയസിന് മുകളിലുള്ള 52 ദശലക്ഷം പേർ ഇനിയും വാക്സിൻ സ്വീകരിക്കേണ്ടതായുണ്ട്. 60നും 69നും ഇടയിൽ പ്രായമുള്ള 56.4 ശതമാനം പേർ മാത്രമാണ് ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്.