
മുംബയ്: ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് തീയറ്ററിലേക്ക് കടന്നു വന്ന കാശ്മീർ പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം ദ കാശ്മീർ ഫയൽസ് ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 250 കോടി പിന്നിട്ടു. റിലീസ് ചെയ്ത് വെറും 17 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 17ാം ദിവസം മാത്രം ഇന്ത്യയിൽ നിന്ന് ചിത്രം 7.60 കോടിയും വിദേശത്തു നിന്ന് 2.15 കോടിയും നേടിയെന്നും റിപ്പോർട്ടുണ്ട്. 1990 ലെ കാശ്മീർ കലാപ കാലത്ത് കാശ്മീരി ഹിന്ദുക്കളുടെ പലായനത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം മാർച്ച് 11 നാണ് പ്രദർശനത്തിനെത്തിയത്.
അക്കാലത്ത് കാശ്മീരി പണ്ഡിറ്റുകൾ നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളും സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടിവന്നതുമാണ് സിനിമയിലെ കഥാതന്തു. വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രബൊർത്തി, പല്ലവി ജോഷി, ദർശൻ കുമാർ, എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വ്യക്തമായ രാഷ്ട്രീയമുളള, ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നിക്കുന്ന ഷോട്ടുകളുളള ചിത്രമാണ് കാശ്മീരി ഫയൽസ്. ചിത്രത്തിന്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയ്ക്ക് റിലീസിന് പിന്നാലെ ജീവന് ഭീഷണി നേരിട്ടിരുന്നു. തുടർന്ന് വൈ കാറ്റഗറി സുരക്ഷയാണ് രഞ്ജന് ഏർപ്പെടുത്തിയത്. രണ്ട് കമാൻഡോകളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം എട്ടംഗ സുരക്ഷയാണ് രഞ്ജന് രാജ്യമൊട്ടാകെ ലഭിക്കുക.