
തൊണ്ണൂറുകളിൽ മലയാള സിനിമകളിൽ തിളങ്ങിനിന്നിരുന്ന നടിയായിരുന്നു ആനി. മഴയെത്തും മുൻപ്, അമ്മയാണെ സത്യം, സ്വപ്ന ലോകത്തെ ബാലഭാസ്‌കർ, ആലഞ്ചേരി തമ്പ്രാക്കൾ തുടങ്ങി നിരവധി സിനികളിലൂടെ ആനി മലയാളികൾക്ക് പ്രിയങ്കരിയായി. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് മിനിസ്‌ക്രീനിലും സജീവമായി.
വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും താരത്തിന്റെ ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല. നടിയുടെ സൗന്ദര്യത്തിനും ആരാധകരേറെയാണ്. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് ആനി.
താൻ ഷാംപു ഉപയോഗിക്കാറില്ലെന്ന് ആനി പറയുന്നു. ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്താണ് മുടികഴുകുന്നത്. ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളക് പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു പണ്ട് ഉപയോഗിച്ചിരുന്നത്. കുട്ടിക്കാലം മുതൽ ആഴ്ചയിൽ ഒരു ദിവസം മുടിയിൽ കാച്ചെണ്ണ തേക്കും.
പണ്ട് കരിക്കിൻ വെള്ളം കൊണ്ട് മുഖം കഴുകുമായിരുന്നുവെന്ന് നടി പറയുന്നു. അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്ത ചന്ദനം കല്ലിൻ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്ത് തേക്കുമായിരുന്നുവെന്നും ആനി കൂട്ടിച്ചേർത്തു.