
തൂത്തുക്കുടി: മാതാവിനെ കൊലപ്പെടുത്തിയ പതിനേഴുകാരിയും സുഹൃത്തും അറസ്റ്റിൽ. സർക്കാർ ആശുപത്രിയിലെ താത്കാലിക ശുചീകരണ തൊഴിലാളിയായ മുപ്പത്തിയഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. മൂക്കിലും കവിളിലും കാലിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അമ്മയെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് പെൺകുട്ടി പൊലീസിനെ വിളിച്ചത്. തൂത്തുക്കുടി സൗത്ത് പൊലീസ് സ്ഥലത്തെത്തുമ്പോൾ മാതാവിന്റെ മൃതദേഹത്തിനരികിൽ ഇരിക്കുകയായിരുന്നു പെൺകുട്ടി.
ചോദ്യം ചെയ്യലിനിടെ പെൺകുട്ടി പൊട്ടിത്തെറിക്കുകയും, അമ്മ തന്നെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടാൻ ശ്രമിച്ചതായും രക്ഷപ്പെടാൻ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു. പറഞ്ഞത് കളവാണോയെന്ന് വ്യക്തമല്ല. പതിനേഴുകാരി അടുത്തിടെ പോളിടെക്നിക് കോളേജിൽ നിന്ന് പഠനം ഉപേക്ഷിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് മാതാവ് വഴക്കു പറഞ്ഞതിനെ തുടർന്ന് പെൺകുട്ടി സുഹൃത്തുക്കളായ മുല്ലക്കാട് സ്വദേശികളായ കണ്ണൻ (22), തങ്കകുമാർ (28) എന്നിവരെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.
പെൺകുട്ടിയും കണ്ണനും അറസ്റ്റിലായെങ്കിലും തങ്കകുമാർ ഒളിവിലാണ്. സംഭവത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. പെൺകുട്ടി ഡിപ്ലോമ കോഴ്സ് ഉപേക്ഷിച്ചിരുന്നു, ഇത് സംബന്ധിച്ച് അമ്മയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
മുപ്പത്തിയഞ്ചുകാരിക്ക് നാല് മക്കളാണ് ഉള്ളത്. ഇവരിൽ ഏറ്റവും മൂത്തയാളാണ് കേസിലെ പ്രതി. പെൺകുട്ടിക്ക് പതിനാലും പതിമൂന്നും വയസുള്ള രണ്ട് സഹോദരിമാരും നാല് വയസുള്ള ഒരു സഹോദരനുമുണ്ട്. ഒരു വർഷം മുൻപ് മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. സഹോദരങ്ങൾ പിതാവിനൊപ്പമാണ് താമസം.