
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ എംഎൽഎമാർ തമ്മിൽ കയ്യാങ്കളി. ബിർഭൂം കൂട്ടക്കൊലയെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ബിജെപി - തൃണമൂൽ എംഎൽഎമാരാണ് തമ്മിലടിച്ചത്. പ്രശ്നമുണ്ടാക്കിയ സുവേന്ദു അധികാരി ഉൾപ്പെടെയുള്ള അഞ്ച് ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു.
ബിർഭൂം കൂട്ടക്കൊലപാതകത്തെപ്പറ്റി സഭയില്‍ ചർച്ച വേണമെന്ന ആവശ്യമുയർന്നതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി സഭയിൽ പ്രസ്താവന നടത്തണമെന്ന് ബി.ജെ.പി എംഎല്‍എമാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറിയത്.
ബിജെപി എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ കയ്യേറ്റം ചെയ്തെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപണം ഉന്നയിച്ചു. സംഘർഷത്തിൽ തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്‍റെ മൂക്കിന് പരിക്കേറ്റു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിർഭും ജില്ലയിൽ നടന്ന കൂട്ടക്കൊലയിൽ എട്ട് പേരെയാണ് അക്രമികൾ ചുട്ടുകൊന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് ബാദു ഷെയ്ഖ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കന്മാരുൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിപ്പോൾ സിബിഐ യാണ് അന്വേഷിക്കുന്നത്.