
ഒരു കാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അബു സലിം ഇന്ന് വ്യത്യസ്‌തങ്ങളായ വേഷങ്ങൾക്ക് പിന്നാലെയാണ്. നടൻ എന്ന നിലയിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരുന്നു അദ്ദേഹം ഭീഷ്‌മപർവത്തിൽ എത്തിയത്. ഇത്രയും നാൾ അബു സലിം എന്ന് വിളിച്ചിരുന്നവർ പോലും ചിത്രം കണ്ടിറങ്ങിയ ശേഷം തന്നെ ശിവൻകുട്ടിയെന്ന് വിളിച്ചു തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്.
'അമൽനീരദിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാനത് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. പറ്റിയ റോൾ വന്നാൽ വിളിക്കാം അബൂക്ക എന്നാണ് അമൽ പറഞ്ഞത്. പിന്നീട് ഭീഷ്‌മപർവം തുടങ്ങുന്ന സമയത്ത് എന്നെ വിളിച്ചിട്ട് നല്ലൊരു വേഷമുണ്ടെന്ന് പറഞ്ഞു.
ഷൂട്ട് തുടങ്ങാൻ രണ്ട് മാസം കഴിയുമെന്നും വേറെ സിനിമയൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെങ്കിൽ താടിയും മുടിയും കുറച്ച് വളർത്തിക്കോയെന്നും പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞു ഷൂട്ട് തുടങ്ങിയപ്പോൾ. അപ്പോഴേക്കും മുടിയും താടിയുമൊക്കെ വളർന്നു. ഇനിയെന്തെങ്കിലും മാറ്റം പറഞ്ഞാൽ ചെയ്യാമെന്ന് കരുതിയാണ് ലൊക്കേഷനിലേക്ക് പോയത്. പക്ഷേ, അവിടെ വച്ച് എന്നെ കണ്ടപ്പോൾ ഞാൻ മനസിൽ കണ്ട രൂപം തന്നെയാണെന്ന് അമൽ പറഞ്ഞു.
നല്ല സന്തോഷം തോന്നി. എനിക്കെന്റെ കഥാപാത്രത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും വലിയ ധാരണയുണ്ടായിരുന്നില്ല. പക്ഷേ, മമ്മൂക്ക പറയുമായിരുന്നു ശിവൻകുട്ടി തകർപ്പൻ റോളാണെന്ന്. സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് അത് എനിക്കും മനസിലായത്. വേഷം ചെറുതായാലും വലുതായാലും എനിക്ക് പ്രശ്‌നമില്ല.
ഭീഷ്മപർവത്തിൽ സംഭവിച്ചത് നല്ലൊരു കഥാപാത്രം കിട്ടി, അത് നല്ല രീതിയിൽ ചെയ്യാനും പറ്റി എന്നതാണ്. വില്ലൻവേഷം ചെയ്യുന്നവർ ചെറിയ കോമഡി ചെയ്താലും പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. " അബുസലിം പറഞ്ഞു.
വീഡിയോ കാണാം...