
വാഷിംഗ്ടൺ: വിവാഹിതരായ ദമ്പതികളെ ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്തെത്തിക്കാനൊരുങ്ങി ബ്ലു ഒറിജിൻ. കമ്പനിയുടെ ഈ വർഷത്തെ ആദ്യ ബഹിരാകാശ സഞ്ചാര യാത്രയിലാണ് ഇവരുൾപ്പെടുന്ന ആറംഗ സംഘം ബഹിരാകാശത്ത് വിനോദ സഞ്ചാരത്തിനായി പോവുക. പ്രോപ്പർട്ടി കമ്പനിയായ ട്രൈക്കോർ ഇന്റർനാഷണലിന്റെ മേധാവി മാർക് ഹേഗൽ അദ്ദേഹത്തിന്റെ ഭാര്യയും സ്‌പേസ് കിഡ്സ് ഗ്ലോബൽ സിഇഒയുമായ ഷാരോൺ ഹേഗൽ എന്നിവരാണ് ഈ സുവർണാവസരം ലഭിച്ച ദമ്പതികൾ. ബ്ലൂ ഒറിജിനിലെ ബഹിരാകാശ യാത്രയ്ക്ക് ശേഷം ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്സ്, റിച്ചാർഡ് ബ്രാൻസണിന്റെ വിർജിൻ ഗാലക്ടിക് എന്നീ കമ്പനികളുടെ ബഹിരാകാശ യാത്രകളിലും പങ്കെടുക്കാൻ ശ്രമിക്കുമെന്നാണ് ദമ്പതികൾ പറയുന്നത്. മുമ്പും ഇവർ ഇത്തരം സാഹസിക യാത്രകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നിരുന്നാലും ബഹിരാകാശത്തേക്കുള്ള ആദ്യ യാത്രയാണിത്.
ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ മേധാവിയും കോടീശ്വരനുമായ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ടൂറിസം സംരംഭമാണ് ബ്ലൂ ഒറിജിൻ. വിനോദ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കുന്ന കമ്പനിയുടെ നാലാമത്തെ യാത്രയാണിത്. ഈ മാസം 29 നാണ്ഇവരെയും വഹിച്ച് ബ്ലൂ ഒറിജിന്റെ ന്യൂ ഷെപേർഡ് സ്‌പേസ്‌ക്രാഫ്റ്റ് പടിഞ്ഞാറൻ ടെക്സാസിലെ ലോഞ്ച് സൈറ്റിൽ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കുക. എൻഎസ് 20 എന്നാണ് മിഷന് കമ്പനി നൽകിയിരിക്കുന്ന പേര്.
ന്യൂ ഷെപേർഡ് സ്‌പേസ്‌ക്രാഫ്റ്റിന്റെ ചരിത്രത്തിലെ ഇരുപതാമത് കുതിപ്പാണിത്. ആളുകളെ വഹിച്ചു കൊണ്ടുള്ള നാലാമത്തെയും. മാർച്ച് 29ന് പ്രാദേശിക സമയം രാവിലെ 8 30 (ഇന്ത്യൻ സമയം വൈകീട്ട് ഏഴു മണി) നാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. ഈ ദമ്പതികളെ കൂടാതെ ബ്ലൂ ഒറിജിനിലെ എഞ്ചിനീയറായ ഗാരി ലൈ, പാർട്ടി അമേരിക്കയുടെ സിഇഒയും നിക്ഷേപകനുമായ മാർട്ടി അലെൻ, അദ്ധ്യാപകനും സംരംഭകനുമായ ജിം കിച്ചൺ, നാസയിലെ മുൻ മാനേജറായിരുന്ന ഡോ ജോർജ് നീൽഡ് എന്നിവരാണ് സംഘത്തിലെ മറ്റു യാത്രക്കാർ.

കഴിഞ്ഞ വർഷം 14 പേരാണ് ബ്ലൂ ഒറിജിന്റെ ന്യൂ ഷെപേർഡ് സബ് ഓർബിറ്റൽ സ്‌പേസ് ക്രാഫ്റ്റിൽ ബഹിരാകാശത്തെത്തിയത്. ബഹിരാകാശ വിനോദ സഞ്ചാരികൾക്കു വേണ്ടി പ്രത്യേകം തയാറാക്കിയ പേടകമാണ് ന്യൂ ഷെപ്പേഡ് സ്‌പേസ്‌ക്രാഫ്റ്റ്. ഭൂമിക്ക് മുകളിൽ ഏകദേശം മൂന്നര ലക്ഷം അടി വരെ ഉയരത്തിലെത്താൻ ഇതിനാകും. അവിടെ യാത്രികർക്ക് ഗുരുത്വാകർഷണമില്ലാത്ത് അവസ്ഥ അനുഭവിക്കാനാകും. ഒപ്പം ബഹിരാകാശത്തെ കാഴ്ചകളും കാണാൻ സാധിക്കും. ഇതിനു ശേഷമായിരിക്കും അവർ തിരികെ ഭൂമിയിലേക്കു വരിക. പടിഞ്ഞാറൻ ടെക്സാസിലെ മരുഭൂമിയിലാകും തിരിച്ചിറക്കം.