
മുംബയ്: അടച്ചിട്ടിരിക്കുകയായിരുന്ന കടയുടെ ബേസ്‌മെന്റിൽ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലെ മുംബയ് നക എന്ന പ്രദേശത്താണ് സംഭവം നടന്നത്.
രണ്ട് ദിവസമായി കടയിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കടയിൽ മുഴുവനും പാഴ്‌വസ്തുക്കളായിരുന്നെന്നും പരിശോധനക്കിടയിൽ രണ്ട് പ്ളാസ്റ്റിക് കണ്ടെയിനറുകൾ തുറന്നപ്പോൾ അതിനുള്ളിൽ നിന്നും മനുഷ്യന്റെ ചെവികൾ, തലച്ചോറ്, കണ്ണുകൾ, മുഖത്തിന്റെ ചില ഭാഗങ്ങൾ എന്നിവ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
തുടർ പരിശോധനകൾക്കായി ഫോറൻസിക് സംഘമെത്തി മനുഷ്യാവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുത്തു. കടയുടമയുടെ രണ്ട് മക്കളും ഡോക്ടർമാരാണെന്നും മെഡിക്കൽ ആവശ്യങ്ങൾക്കായി ശരീര ഭാഗങ്ങൾ സൂക്ഷിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.