edappady

ചെന്നൈ: മുഖ്യമന്ത്രി എം.കെ സ്‌റ്രാലിൻ നടത്തിയ ദുബായ് യാത്രയ്‌ക്കെതിരെ പരിഹാസവുമായി എഐഡിഎംകെ. സ്‌റ്റാലിൻ നടത്തിയത് കുടുംബമൊത്തുള‌ള ഉല്ലാസയാത്രയാണെന്ന് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി. ജനങ്ങളുടെ കണ്ണിൽ സ്‌റ്റാലിൻ നടത്തിയത് കുടുംബത്തെകൂട്ടിയുള‌ള ഉല്ലാസയാത്രയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിദേശരാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിൽ ക്യാബിനറ്റ് അംഗങ്ങളെയും ഉൾപ്പെടുത്തി. അന്ന് പ്രതിപക്ഷനേതാവായിരുന്ന സ്‌റ്റാലിൻ എഐ‌ഡിഎംകെ പിക്‌നിക് ക്യാബിനറ്റ് എന്ന് കളിയാക്കി. എന്നാൽ ഇന്ന് സ്‌റ്റാലിൻ കുടുംബവുമൊത്താണ് വിദേശ സന്ദർശനത്തിന് പോകുന്നതെന്ന് എടപ്പാടി പളനിസ്വാമി പരിഹസിച്ചു.

ദുബായ് എക്‌സ്പോയിൽ തമിഴ്‌നാട് പവലിയൻ സ്‌റ്രാലിൻ ഉദ്ഘാടനം ചെയ്‌തതിനെയും എടപ്പാടി പഴനിസ്വാമി പരിഹസിച്ചു. കഴിഞ്ഞ വർഷം ഒക്‌ടോബർ ഒന്നിന് ആരംഭിച്ച് മാർച്ച് 31ന് അവസാനിക്കുന്ന മേളയിൽ ഉദ്ഘാടനം നടത്തിയത് ദുബായ് സന്ദർശിക്കാനുള‌ള മുഖ്യമന്ത്രിയുടെ കപടമായ പരിപാടി മാത്രമാണെന്നായിരുന്നു എഐഡിഎം‌കെ നേതാവിന്റെ വാദം.

എന്നാൽ സ്‌റ്റാലിൻ നടത്തിയ ദുബായ് സന്ദർശനം തമിഴ്‌നാട്ടിലേക്ക് നിക്ഷേപം കൊണ്ടുവരാനും ഒപ്പം യുഎഇയിൽ ജോലിനോക്കുന്ന തമിഴ്‌ വംശജർക്കും അവരുടെ കുടുംബത്തിനും ക്ഷേമത്തിന് വേണ്ടിയും കൂടിയാണെന്ന് ഡിഎം‌കെ നേതാവും സംസ്ഥാന വ്യവസായ മന്ത്രിയുമായ മനോ തങ്കരാജ് അഭിപ്രായപ്പെട്ടു. യുഎഇയിൽ മുഖ്യമന്ത്രിയ്‌ക്ക് ലഭിച്ച ഗംഭീര സ്വീകരണം ഇതിന് തെളിവാണെന്നും അദ്ദേഹം വാദിച്ചു. മാർച്ച് 24 മുതൽ 29 വരെയാണ് സ്‌റ്രാലിന്റെ ദുബായ് സന്ദർശനം.

അതേസമയം മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനും വിദേശനിക്ഷേപം നടത്താനാണ് യുഎഇ യാത്രയെന്ന് ആരോപണമുന്നയിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈയ്‌ക്ക് ഡിഎം‌കെ 100 കോടിയുടെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകി. രണ്ട് ദിവസത്തിനകം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് എഐഡിഎംകെയും വിഷയത്തിൽ പ്രതികരിച്ചത്.