
റെക്കോഡുകൾ സ്വന്തമാക്കാൻ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളുണ്ടാകും. ചിലർ പാട്ടിലും ഡാൻസിലും ചിത്രം വരയിലുമൊക്കെ കഴിവ് തെളിയിക്കുമ്പോൾ മറ്റു ചിലർ ഭക്ഷണകാര്യത്തിലായിരിക്കും തങ്ങളുടെ കഴിവ് കണ്ടെത്തുക.
ഇവിടെ, ചിക്കൻ വിഭവങ്ങളോടുള്ള ഇഷ്ടക്കൂടുതലാണ് ഇംഗ്ലണ്ടുകാരിയായ ലിയ ഷട്ട്കെവറിനെ ഗിന്നസ് റെക്കോഡിലെത്തിച്ചത്. ഒരു മിനിട്ട് കൊണ്ട് 19 ചിക്കൻ നഗറ്റുകളാണ് ലിയ കഴിച്ചത്. ഇരുപത് എണ്ണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പത്തൊമ്പതെണ്ണമേ കഴിച്ചു തീർക്കാൻ കഴിഞ്ഞുള്ളൂവെന്നും ഗിന്നസ് വേൾഡ് റെക്കോഡ്സ് പങ്കുവച്ച വീഡിയോയിൽ അവർ പറയുന്നു. ഒരു മിനിട്ടിനുള്ളിൽ 352 ഗ്രാം ചിക്കൻ നഗറ്റുകളാണ് ലിയ കഴിച്ചു തീർത്തത്.
കഴിഞ്ഞ വർഷത്തെ റെക്കോഡ് ന്യൂസിലൻഡ് സ്വദേശിയായ നെല സിസറിന്റെ പേരിലായിരുന്നു. ഒരു മിനിട്ടിൽ 298 ഗ്രാം ചിക്കൻ നഗറ്റുകളാണ് അവർ കഴിച്ചത്. ഇത്തവണ 54 ഗ്രാം കൂടി അധികം കഴിച്ചാണ് നെല സിസറിന്റെ സ്പീഡ് ഈറ്റർ എന്ന റെക്കോഡ് ലിയ മറികടന്നത്.
ഇടയ്‌ക്ക് വെള്ളം കുടിക്കുന്നുണ്ടെങ്കിലും ചെറിയൊരു ഇടവേള പോലും എടുക്കാതെ വളരെ വേഗത്തിലാണ് ലിയ കഴിച്ചു തീർക്കുന്നത്. ഇത് കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടവരെല്ലാം ലിയയുടെ നേട്ടത്തെ അഭിനന്ദിക്കുന്നുണ്ട്.