j

ലോസ്ആഞ്ചലസ്: ഓസ്കാർ പുരസ്കാരത്തിന് പന്ത്രണ്ട് നോമിനേഷനുമായി മത്സരിക്കാനെത്തിയ ' ദ പവർ ഒഫ് ദ ഡോഗ്' എന്ന സിനിമയിലൂടെ ന്യൂസിലന്റുകാരിയായ ജെയ്‌ൻ കാംപ്യൻ മികച്ച സംവിധായികയായി. തുടർച്ചായ രണ്ടാം തവണയാണ് വനിത ഈ പുരസ്കാരത്തിന് അർഹയാവുന്നത്. ഡോൾബി തീയേറ്ററിൽ വർണാഭമായ ചടങ്ങിലാണ് 94-ാമത് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
സിയാൻ ഹെഡർ സംവിധാനം ചെയ്‌ത 'കോഡ' യാണ് മികച്ച ചിത്രം. 2014ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് 'കോഡ'. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും കോഡ സ്വന്തമാക്കി. ഈ ചിത്രത്തിൽ ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ട്രോയ് കോട്‍സർ മികച്ച സഹനടൻ. ബധിര സമൂഹത്തിന്റെ ജീവിതസ്പർശമുള്ള സിനിമയാണിത്. ഓസ്കാർ നേടുന്ന ആദ്യബധിരനാണ് ട്രോയ് കോട്‍സർ.

'ദ ഐസ് ഒഫ് ടാമി ഫേയ് ' എന്ന ചിത്രത്തിലൂടെ ജെസിക്ക ചാസ്റ്റൈൻ മികച്ച നടിയായി. 'കിം​ഗ് റിച്ചാർഡിൽ ' ടെറ്റിൽ റോൾ ചെയ്ത വിൽ സ്മിത്താണ് മികച്ച നടൻ. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണിത്. വീനസ് സഹോദരിമാരുടെ പിതാവ് റിച്ചാർഡ് വില്യംസായാണ് വിൽ സ്മിത്ത് വേഷമിട്ടത്.

സ്റ്റീവൻ സ്പീൽബർഗിന്റെ ' വെസ്റ്റ് സൈഡ് സ്റ്റോറി'യിലെ പ്രകടനത്തിന് അരിയാന ഡീബോസ് മികച്ച സഹനടിയായി. ഡെന്നിസ് വൽനോവ് സംവിധാനം ചെയ്ത ' ഡ്യൂൺ ' ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടി. ഒറിജിനൽ സ്‌കോർ, ശബ്ദലേഖനം, പ്രൊഡക്ഷൻ ഡിസൈൻ, എഡിറ്റിംഗ്, വിഷ്വൽ ഇഫക്ട്സ്, ഛായാഗ്രഹണം എന്നിങ്ങനെ ആറ് പുരസ്‌കാരങ്ങളാണ് അമേരിക്കൻ എപിക് സയൻസ് ഫിക്‌ഷനായ ഡ്യൂണിന് ലഭിച്ചത്.

ഗാനത്തിനുള്ള പുരസ്കാരം ബില്ലി ഐലിഷും ഫിനിയസ് ഒ'കേണലും സ്വന്തമാക്കി. ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈയിലെ ഗാനത്തിനാണ് സഹോദരങ്ങളായ ഇരുവരും പുരസ്കാരം പങ്കിട്ടത്.

 മറ്റ് പുരസ്കാരങ്ങൾ

 തിരക്കഥ - കെന്നത്ത് ബ്രാന (ബെൽഫാസ്റ്റ് )

 ഷോർട്ട് ആനിമേഷൻ - എൻകാന്റോ

 അന്താരാഷ്ട്ര ഫീച്ചർ - ഡ്രൈവ് മൈ കാർ (ജപ്പാൻ)​

 ഡോക്യുമെന്ററി (ഷോർട്ട് സബ്ജക്ട് )- ദ ക്യൂൻ ഒഫ് ബാസ്‌കറ്റ്‌ബാൾ

 ഡോക്യുമെന്ററി (ഫീച്ചർ ) - സമ്മർ ഒഫ് സോൾ

 ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം - ദ ലോംഗ് ഗുഡ്‌ബൈ

ആനിമേഷൻ ഷോർട്ട് ഫിലിം - ദ വിൻഡ്ഷീൽഡ് വൈപ്പർ

 കോസ്റ്റ്യൂം ഡിസൈൻ - ജെന്നി ബീവൻ (ക്രൂവെല്ല)