tamil-nadu-boy

സേലം : ഏറെ ഇഷ്ടപ്പെട്ട കാര്യങ്ങൾ സ്വന്തമാക്കാൻ പലരും പണം സ്വരൂപിക്കാറുണ്ട്. അങ്ങനെ കൂട്ടിവച്ച ഒരു രൂപ നാണയങ്ങൾ കൊണ്ട് 2.6 ലക്ഷം രൂപ വിലയുള്ള ബൈക്ക് വാങ്ങിയിരിക്കയാണ് സേലം സ്വദേശിയായ വി. ഭൂപതി. മൂന്ന് വർഷം കൊണ്ടാണ് ഇത്രയും നാണയം ശേഖരിച്ചത്.

ബജാജ് ഡൊമിനാർ 400 സ്വന്തമാക്കാനായി ഒരു രൂപ നാണയങ്ങളുടെ കൂമ്പാരവുമായാണ് യുവാവ് ഷോറൂമിലെത്തിയത്. ആദ്യം ഒന്നു മടിച്ചെങ്കിലും ഭൂപതിയെ നിരാശപ്പെടുത്താൻ ഷോറൂം മാനേജർ മഹാവിക്രാന്തിന് മനസു വന്നില്ല. നാണയങ്ങൾ മുഴുവൻ എണ്ണിത്തീർക്കാൻ 10 മണിക്കൂറോളമെടുത്തു.

ബിരുദധാരിയായ ഭൂപതി (29) മൂന്ന് വർഷം മുമ്പ് ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിച്ചെങ്കിലും അന്ന് ഇത്രയും രൂപ നൽകാനുള്ള സ്ഥിതിയിലായിരുന്നില്ല. അങ്ങനെയാണ് ഒരു രൂപ ശേഖരിച്ച് ബൈക്കിന് വേണ്ട പണം കണ്ടെത്താൻ തീരുമാനിച്ചതെന്ന് ഭൂപതി പറഞ്ഞു. മൂന്ന് വർഷമെടുത്ത് തന്റെ മുറിയാകെ ഒരു രൂപ തുട്ടുകൾകൊണ്ട് നിറച്ചു. ഒടുവിൽ ഇവയുമായി ബൈക്ക് വാങ്ങാനെത്തുകയായിരുന്നു. ഒരു വാനിൽ കൊണ്ടുവന്ന് ഉന്തുവണ്ടിയിലാണ് ഷോറൂമിലേക്ക് കയറ്റിയത്.