
കൊച്ചി: ദ്വിദിന പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും അക്രമസംഭവങ്ങൾ അരങ്ങേറി. എറണാകുളം ജില്ലയിൽ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ പണിമുടക്ക് അനുകൂലികൾ മർദ്ദിച്ചു. പണിമുടക്ക് ദിവസവും ജോലിക്കെത്തിയെന്ന് ആരോപിച്ചാണ് പഞ്ചായത്ത് സെക്രട്ടറി കെ.മനോജിനെ മർദ്ദിച്ചത്. പരിക്കേറ്റ മനോജ് ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ സമരാനുകൂലികൾ എത്തി മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസ് കാവലിൽ ഇദ്ദേഹം ജോലി നോക്കവെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് നാട്ടുകാർക്കും പരിക്കുണ്ട്. കോതമംഗലം പൊലീസ് സംഭവത്തിൽ കേസെടുത്തു.
തിരുവനന്തപുരത്ത് മംഗലപുരത്തും സമരാനുകൂലികളുടെ അക്രമമുണ്ടായി. രാവിലെ തുറന്നുപ്രവർത്തിച്ച ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ എത്തിയ സമരാനുകൂലികൾ പമ്പ് അടയ്‌ക്കാൻ ആവശ്യപ്പെട്ടു. ഇവരിൽ ഒരുവിഭാഗം പമ്പിൽ തന്നെ തുടർന്നു. ഇവർക്ക് പിന്നാലെയെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ നിലവിൽ പമ്പിലുളളവർക്ക് ഇന്ധനം നൽകാനും സമരക്കാരെ തങ്ങൾ പ്രതിരോധിക്കുമെന്നും അറിയിച്ചു. ഓഫാക്കിയ പമ്പിലെ യന്ത്രം പ്രവർത്തിപ്പിക്കാൻ തുടങ്ങുന്നതിനിടെ സമരക്കാർ വീണ്ടും വരികയും പമ്പിൽ കല്ലെറിഞ്ഞ് തകർക്കുകയുമായിരുന്നു.
തൃശൂർ സ്വരാജ് റൗണ്ടിലും രാവിലെ സമരാനുകൂലികൾ വാഹനം തടഞ്ഞത് പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് തൊഴിലാളികളെ പിൻവലിച്ചത്.