
ലോസ് ആഞ്ചലസ്: ഭാര്യയെ പൊതുവേദിയിൽ കളിയാക്കിയ ഓസ്കാർ അവാർഡ് നിശയിലെ അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ കുറ്റത്തിന് ഹോളിവുഡ് നടൻ വിൽ സ്മിത്ത് അകത്തു പോകാൻ സാദ്ധ്യത. അമേരിക്കൻ നിയമപ്രകാരം ആറു മാസം വരെ തടവും ഒരു ലക്ഷം അമേരിക്കൻ ഡോളർ പിഴയും (ഏകദേശം 76 ലക്ഷം രൂപ) ലഭിക്കാവുന്ന കുറ്റമാണ് വിൽ സ്മിത്ത് ചെയ്തത്.
അതേസമയം അവതാരകനായ ക്രിസ് റോക്ക് ഇതുവരെ വിൽ സ്മിത്തിനെതിരെ പരാതി സമർപ്പിച്ചിട്ടില്ല. ഓസ്കാർ വേദിയിൽ ഉണ്ടായിരുന്ന എൽ എ പി ഡി )ലോസ് ആഞ്ചലസ് പൊലീസ് ഡിപാർട്ട്മെന്റ്) ഉദ്യോഗസ്ഥർ അവാർഡ് നിശ കഴിഞ്ഞയുടൻ തന്നെ പരാതിപ്പെടുന്നതിനെ കുറിച്ച് ക്രിസ് റോക്കുമായി സംസാരിച്ചിരുന്നു. എന്നാൽ ഇതുവരെയായും ക്രിസ് റോക്ക് വിൽ സ്മിത്തിനെതിരെ പരാതി നൽകിയിട്ടില്ല. ക്രിസ് റോക്ക് പരാതിപ്പെട്ടാൽ മാത്രമേ വിൽ സ്മിത്തിനെതിരെ പോലീസിന് നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. വിൽ സ്മിത്തിനെതിരെ പരാതിപ്പെടാൻ ക്രിസ് റോക്കിന് ഇനിയും ആറു മാസം വരെ സമയമുണ്ട്. ഇതിനകം പരാതിപ്പെട്ടാൽ പോലും വിൽ സ്മിത്ത് അഴിയെണ്ണേണ്ടി വരും.
വിൽ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്രിന്റെ മുടിയെ കളിയാക്കിയതാണ് താരത്തെ ഇത്രയേറെ പ്രകോപിപ്പിക്കാൻ കാരണം. ക്രിസ് റോക്കിന്റെ പരാമർശത്തിന് പിന്നാലെ ഓസ്കർ വേദിയിൽ കയറി അവതാരകന്റെ മുഖത്ത് താരം അടിക്കുകയായിരുന്നു. ക്രിസ് റോക്കിനെ തല്ലിയ ശേഷം തിരിച്ച് വന്ന് കസേരയിലിരുന്ന വിൽ സ്‌മിത്ത് തുടർന്ന് ആക്രോശിക്കുകയും ചെയ്തു. എന്തെങ്കിലും പ്രാങ്കിന്റെ ഭാഗമായിരുന്നോ ഇതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.വിവാദത്തിൽ ഇത് വരെ ഔദ്യോഗികമായ വിശദീകരണം ഒന്നും പുറത്ത് വന്നിട്ടില്ല.