
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പി്ന് ശേഷം പാടേ തകർന്ന കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പിന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ രംഗത്തിറക്കാൻ നേതൃത്വം ആലോചിക്കുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രശാന്ത് കിഷോറും സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ചർച്ചകൾ മുന്നോട്ട് പോയിരുന്നില്ല. എന്നാൽ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ തന്നെ പ്രശാന്ത് കിഷോറുമായുള്ള ചർച്ചകൾക്ക് മുൻകൈയെടുക്കുകയായിരുന്നു.
അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഗുജറാത്തിലും, കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നടക്കാനുളള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാവാൻ പ്രശാന്ത് കിഷോറിന് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഉയർന്നതലത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ റോൾ ആണ് പ്രശാന്ത് കിഷോർ ആഗ്രഹിക്കുന്നത്. ഇതിൽ ഗാന്ധി കുടുംബത്തിന് അഭിപ്രായ വ്യത്യാസമില്ലെങ്കിലും ജി 23 നേതാക്കളടക്കമുളളവർക്ക് വിരുദ്ധ അഭിപ്രായമാണുളളത്. അതിനാലാണ് നേരത്തെ പ്രശാന്ത് കിഷോറുമായി നടന്ന ചർച്ചകൾ നിന്നുപോയത്.
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വീണ്ടും പ്രശാന്ത് കിഷോറുമായി ചർച്ചകൾ ആരംഭിക്കുമ്പോൾ പഴയ എതിർപ്പുകൾ ഉയരാനിടയില്ലെന്നാണ് കരുതുന്നത് . പ്രശാന്ത് കിഷോറിനെ തങ്ങളുടെ ഭാഗമാക്കി തിരഞ്ഞെടുപ്പ് വിജയങ്ങൾ കരസ്ഥമാക്കണമെന്ന് സംസ്ഥാന നേതൃത്വങ്ങളും പ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, അസം, ഹരിയാന, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖഢ് എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പിയോട് നേരിട്ട് മത്സരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇവിടങ്ങളിൽ പാർട്ടി പ്രവർത്തനം ശക്തമാക്കി തിരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കിയാൽ ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രസക്തി ഉയർത്തിപിടിക്കാനാവുമെന്നാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായം. 200 ലോകസഭാ മണ്ഡലങ്ങളിലാണ് കോൺഗ്രസ് ബി.ജെ.പിയുമായി നേരിട്ടു മത്സരിക്കുന്നത്.
കോൺഗ്രസിന്റെ പ്രവർത്തനത്തിന്റെ രൂപം മാറ്റണമെന്നാണ് പ്രശാന്ത് കിഷോർ മുന്നോട്ട് വയ്ക്കുന്ന ആശയം. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ്, ഫണ്ട് ശേഖരണം, പരിശീലനം, സാമൂഹിക മാധ്യമങ്ങളിലെ നയം, ഉത്തരവാദിത്തം, സുതാര്യത, സഖ്യ ചർച്ചകൾ എന്നിവ കോൺഗ്രസിൽ വേണം. സമീപകാല തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ, വലിയ മാറ്റങ്ങൾക്ക് തുടക്കമിടാനുള്ള ഏറ്റവും നല്ല അവസരമാണ് ഈ പ്രയാസകരമായ സമയമെന്ന് കിഷോർ സൂചിപ്പിച്ചതായും പറയുന്നു. ജി 23 വിമതരുമായുളള തർക്കമടക്കം പരിഹരിക്കുന്നതിന് പ്രശാന്ത് കിഷോറിന് സാധിക്കുമെന്നാണ് ഗാന്ധി കുടുംബം പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ സമഗ്രമായ പദ്ധതികള്‍ വേണമെന്ന നിലപാടിലാണ്. പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും സംസ്ഥാന നേതൃത്വം കരുതുന്നുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്.