danish-kaneria

കറാച്ചി: പാകിസ്ഥാന്റെ ടി ട്വന്റി ലീഗായ പാകിസ്ഥാൻ സൂപ്പർ ലീഗിനെ എത്ര ശ്രമിച്ചാലും ഐ പി എല്ലിന്റെ അത്ര മികച്ചതാക്കാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ മുൻ താരം ഡാനിഷ് കനേറിയ. പി എസ് എല്ലിനെ ഐ പി എൽ പോലെ മികച്ചതാക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ധ്യക്ഷൻ റമീസ് രാജ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ഒരു പാകിസ്ഥാൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡാനിഷ് കനേറിയ നിലവിലെ പാകിസ്ഥാൻ ക്രിക്കറ്റിന്റെ ദയനീയ സ്ഥിതി വ്യക്തമാക്കിയത്.

വളരെ പ്രൊഫഷണൽ ആയിട്ടാണ് ഐ പി എൽ ബി സി സി ഐ നടത്തുന്നതെന്നും ആ മികവ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഇല്ലെന്നും കനേറിയ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിന്റെ ശക്തി ഐ പി എൽ ആണെന്നും നിരവധി അന്താരാഷ്ട്ര താരങ്ങൾ ഐ പി എല്ലിൽ നിന്നും ഉയർന്നു വന്നിട്ടുണ്ടെന്നും പറഞ്ഞ കനേറിയ പി എസ് എൽ പാകിസ്ഥാൻ ക്രിക്കറ്റിന് എന്താണ് നൽകിയതെന്നും ചോദിച്ചു.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബി സി സി ഐയെ പോലെ ഒട്ടും പ്രോഫഷണൽ അല്ലെന്നും ഏതെങ്കിലും ക്രിക്കറ്റ് താരങ്ങൾ പി എസ് എല്ലിൽ നിന്ന് ഉയർന്നു വന്നാൽ തന്നെ പി സി ബിക്കുള്ലിലെ രാഷ്ട്രീയ വടംവലിയിൽപ്പെട്ട് അവരുടെ കരിയർ അപ്പോൾ തന്നെ നശിക്കുമെന്നും കനേരിയ കുറ്റപ്പെടുത്തി. പാകിസ്ഥാൻ ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഇന്ത്യൻ ക്രിക്കറ്റിനെ പോലെ ആകണമെന്ന് സ്വപ്നം കാണുന്നതിൽ കാര്യമില്ലെന്നും ഇന്ത്യ പാകിസ്ഥാന് എത്തിപ്പിടിക്കാവുന്നതിലും ഉയരെയാണെന്നും കനേരിയ വ്യക്തമാക്കി.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഐ പി എല്ലിനു സമാനമായി ചില മാറ്റങ്ങൾ വരുത്താൻ പദ്ധതിയുണ്ടെന്ന് പി സി ബി അദ്ധ്യക്ഷൻ റമീസ് രാജ കഴിഞ്ഞയാഴ്ച ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആദ്യ ഘട്ടമായി ഐ പി എല്ലിലെ പോലെ കളിക്കാരെ ലേലം വിളിക്കാനാണ് പി സി ബി ഉദ്ദേശിക്കുന്നത്. പി എസ് എല്ലിൽ നിലവിൽ കളിക്കാരെ ടീമുകൾ തിരഞ്ഞെടുക്കുന്നത് ഡ്രാഫ്‌റ്റ് സംവിധാനം വഴിയാണ്. അത് ഒഴിവാക്കി കളിക്കാരെ ഇന്ത്യയിലേത് പോലെ ലേലം വിളിച്ചാൽ വരുമാനം വർദ്ധിക്കുമെന്നാണ് റമീസ് രാജയുടെ കണക്കുകൂട്ടൽ. ഇതിനൊപ്പം ടീമുകൾക്ക് ഓരോ സീസണിലും ചെലവഴിക്കാനുള്ള തുക ഉയർത്താനും പദ്ധതിയുണ്ട്. ഈ മാറ്റങ്ങളെല്ലാം വരുത്തി കഴിഞ്ഞാൽ പാകിസ്ഥാൻ സൂപ്പർ ലീഗ് ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് ലീഗുകളിൽ ഒന്നായി മാറുമെന്നും അതിനു ശേഷം ഇന്ത്യയിൽ കളിക്കാൻ ആരും താത്പര്യം കാണിക്കില്ലെന്നും റമീസ് രാജ പറ‌ഞ്ഞിരുന്നു.