
തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ വ്യക്തമാക്കി. അക്രമ സംഭവങ്ങള്‍ മാദ്ധ്യമ സൃഷ്ടിയാണെന്നും വിജയരാഘവന്‍ പറഞ്ഞു ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തടഞ്ഞിട്ടുണ്ടാകും. തടയുകയായിരുന്നെങ്കില്‍ കേരളം ഇങ്ങനെയാണോ, വളരെ സമാധാനപരമായിട്ടാണ് സമരം. ആരെങ്കിലും പരിക്കേറ്റ് ആശുപത്രിയിലുണ്ടോ. അങ്ങനെയുള്ള സംഭവങ്ങളൊന്നും നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല. തൊഴിലാളികള്‍ അവരുടെ കൂലി നഷ്ടപ്പെടുത്തിയാണ് സമരം ചെയ്യുന്നത്. രണ്ടു ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ ജനങ്ങള്‍ക്ക് വേണ്ടി സമരത്തിനിറങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഈ സമരത്തെ നമ്മള്‍ ആക്ഷേപിക്കാന്‍ പാടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
പണിമുടക്കിനോടനുബന്ധിച്ചുള്ള അക്രമങ്ങള്‍ പര്‍വതീകരിക്കരുതെന്ന് മന്ത്രി വി.ശിവന്‍ക്കുട്ടിയും നേരത്തെ പറഞ്ഞിരുന്നു. തൊഴിലാളികളുടെ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളേയും കാണാതെ ഏതെങ്കിലും ഒരു സ്ഥലത്ത് നടക്കുന്ന സംഭവങ്ങളെ പര്‍വതീകരിച്ച് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.