
ലോസ് ആഞ്ചൽസ്: ഓസ്കർ അവാർഡ് നിശയിലെ പുരസ്കാര ജേതാക്കളെയും സിനിമാ വിശേഷങ്ങളെയും കടത്തിവെട്ടി വാർത്തകളിൽ ഇടംപിടിച്ചത് വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ വാർത്തയായിരുന്നു. തന്റെ ഭാര്യ ജേഡ് സ്മിത്തിന്റെ തലമുടിയെ പൊതുവേദിയിൽ കളിയാക്കിയതിനാണ് വിൽ സ്മിത്ത് ക്രിസ് റോക്കിനെ തല്ലിയത്. ആദ്യം എല്ലാവരും ഇതൊരു പ്രാങ്ക് ആണെന്ന് കരുതിയെങ്കിലും വേദിയിൽ നിന്ന് കസേരയിൽ വന്നിരുന്ന ശേഷവും വിൽ സ്മിത്ത് അവതാരകനോട് ചൂടായതോടെ സംഭവം ഗുരുതരമാണെന്ന് എല്ലാവർക്കും വ്യക്തമായി.
തമാശയായി എടുക്കേണ്ടിയിരുന്ന കാര്യത്തെ വിൽ സ്മിത്ത് വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ നടനെതിരെ വിമർശനം ഉയരുകയും ചെയ്തു. എന്നാൽ ജേഡ് സ്മിത്തിന് അലോപേഷ്യ എന്ന രോഗം പിടിപെട്ടതിനാലാണ് മുടി കൊഴിയുന്നതെന്ന യാഥാർത്ഥ്യം പലരും വൈകിയാണ് മനസിലാക്കുന്നത്.
തലയിലെ മുടി വൻ തോതിൽ കൊഴിയുന്നതാണ് അലോപേഷ്യ എന്ന രോഗം. ഈ രോഗത്തിന് ഇതുവരെ ശരിയായ ചികിത്സ കണ്ടെത്തിയിട്ടില്ല. ഇതിൽ നിന്ന് താത്ക്കാലിക മോചനം എന്ന നിലയ്ക്കാണ് ജേഡ് സ്മിത്ത് മുടി മുറിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ അതിനു ശേഷവും പൊതുവേദിയിൽ വളരെനാളുകളായി പ്രത്യക്ഷപ്പെടാതിരുന്ന ജേഡ് ഈ അടുത്ത കാലത്താണ് വീണ്ടും ഇത്തരം ചടങ്ങുകൾക്ക് പങ്കെടുത്ത് തുടങ്ങുന്നത്. ഇതിനാലാകണം വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ തമാശയിൽ വളരെ പെട്ടെന്ന് പ്രകോപിതനായത്.