dileep

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്ന് നടൻ ദിലീപ് . ബാലചന്ദ്ര കുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് മൊഴി നൽകി. ഇന്നത്തെ ചോദ്യം ചെയ്യല്‍ ഏഴുമണിക്കൂര്‍ നീണ്ടു. ചോദ്യം ചെയ്യലിന് ശേഷം ദിലീപ് വീട്ടിലേക്ക് മടങ്ങി. താരത്തെ നാളെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് വിവരം.

ആലുവ പൊലീസ് ക്ലബില്‍ ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. പ്രത്യേക അന്വേഷണ സംഘത്തിലെ ഐജി കെ.പി ഫിലിപ്, ക്രൈംബ്രാഞ്ച് എസ്.പിമാരായ കെ.എസ് സുദര്‍ശന്‍, എം.ജെ സോജന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ബൈജു പൗലോസ് എന്നിവരും ഉണ്ടായിരുന്നു നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ഇതാദ്യമായാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്. ഇന്ന് രാവിലെ 11.20 ഓടെയാണ് ദിലീപ് ചോദ്യം ചെയ്യലിന് എത്തിയത്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ദിലീപിന് സുനിയുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം സുനിലിനെ പലവട്ടം കണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.