
കാബൂൾ: അഫ്ഗാനിലെ പൊതുസമൂഹത്തിന് മുന്നിൽ നിയന്ത്രണങ്ങൾ ഓരോ ദിവസവും വർദ്ധിപ്പിച്ച് താലിബാൻ. പൊതു സദാചാര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച് സർക്കാർ ഓഫീസുകളിൽ എത്തുന്ന ഉദ്യോഗസ്ഥർ മുൻപ് നിഷ്‌കർഷിച്ചതുപോലെ താടി വളർത്തുകയും കൃത്യമായ വസ്‌ത്രരീതി പിന്തുടരുകയും വേണം. ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാൻ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.
സർക്കാർ ജീവനക്കാർ നീളമുളളതും അയഞ്ഞതും ആയ ടോപ്പും ട്രൗസറും ഒപ്പം തൊപ്പിയോ തലപ്പാവോ ധരിക്കണം. ഇവ പ്രാദേശികമായി നിർമ്മിച്ചതാകണം എന്നാണ് നിർദ്ദേശം. ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥരെ ഓഫീസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും തൽക്ഷണം ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നുമാണ് വിവരം.
സ്‌ത്രീകൾക്ക് ആൺതുണയില്ലാതെ വിമാനങ്ങളിൽ യാത്രചെയ്യാവുന്ന അവസാനത്തെ ദിനമായിരുന്നു തിങ്കളാഴ്‌ച. ഇനിമുതൽ സ്‌ത്രീകൾ വിമാനയാത്രയ്‌ക്കെത്തുമ്പോൾ പുരുഷന്മാർ ഒപ്പമുണ്ടാകണമെന്നാണ് താലിബാൻ ഉത്തരവ്. പ്രാദേശിക, അന്താരാഷ്‌ട്ര യാത്രകൾക്ക് ഈ നിയമം ബാധകമാണ്. 2021 ഓഗസ്‌റ്ര് മാസത്തോടെയാണ് അമേരിക്കൻ സൈന്യം പിന്മാറിയതിന് പിന്നാലെ അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തത്.