secretariate

തിരുവനന്തപുരം: സ‌ർക്കാർ ജീവനക്കാരുടെ പണിമുടക്ക് നേരിടുന്നതിന് വേണ്ടി ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്കുന്ന ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. നേരത്തെ ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷമാണ് സർക്കാർ ഇപ്പോൾ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

പൊതുപണിമുടക്ക് ദിവസമായ ഇന്ന് വെറും 32 ജീവനക്കാർ മാത്രമാണ് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത്. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ 4,828 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഭൂരിഭാഗം മന്ത്രിമാരും ഇന്ന് സെക്രട്ടേറിയറ്റിലെത്തിയില്ല.

ചീഫ് സെക്രട്ടറി വി.പി.ജോയി രാവിലെ തന്നെ ഓഫിസിലെത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പ്രധാന ജീവനക്കാരും ജോലിയ്‌ക്കെത്തി. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവനക്കാര്‍ എത്താത്തതോടെ സെക്രട്ടേറിയറ്റിലെ ഭരണ നടപടികളെല്ലാം അവതാളത്തിലായി. മറ്റുള്ള സർക്കാർ ഓഫിസുകളിലും ഹാജർ നില കുറവായിരുന്നു. നേരത്തെ സർക്കാർ ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കോടതി, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്നു തന്നെ ഉത്തരവ് ഇറക്കാനും ആവശ്യപ്പെട്ടു.